കണ്ണൂർ: കോർപ്പറേഷനിൽ മുസ്ലിംലീഗ് വിമതനായി എൽ.ഡി.എഫിനൊപ്പം നിന്ന കൗൺസിലർ കെ.പി.എ സലിം വീണ്ടും യു.ഡി.എഫിനൊപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ചത് യു.ഡി.എഫിന് ആശ്വാസമാകുന്നു. മേയർക്കെതിരെ എൽ.ഡി.എഫ് നല്കിയ അവിശ്വാസ നോട്ടീസിൽ ചർച്ചയും വോട്ടെടുപ്പും നടന്നാൽ യു.ഡി.എഫിനൊപ്പം നിൽക്കുമെന്നാണ് സലിം വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ ഡെപ്യൂട്ടി മേയർക്കെതിരായ അവിശ്വാസ വോട്ടെടുപ്പിൽ എൽ.ഡി.എഫിനൊപ്പം ചേർന്ന് സലിം വോട്ടുചെയ്തതോടെ പി.കെ. രാഗേഷിന് സ്ഥാനം നഷ്ടമായിരുന്നു. ഇതേരീതിയിൽ മേയറെയും പുറത്താക്കി ഭരണം പിടിക്കാനാണ് എൽ.ഡി.എഫ് നീക്കം നടത്തിയത്.ജില്ലാ കളക്ടർ യോഗം വിളിച്ചെങ്കിലും പിന്നീട് ലോക്ക്ഡൗൺ ചൂണ്ടിക്കാട്ടി മാറ്റിവച്ചിരുന്നു. ഇനി ലോക്ക്ഡൗൺ കഴിഞ്ഞു നേരത്തെ നല്കിയ നോട്ടീസിൽ കളക്ടർ യോഗം വിളിച്ചാലും യു.ഡി.എഫിന് ഒറ്റക്കെട്ടായി ഈ യോഗം ബഹിഷ്കരിച്ച് അവിശ്വാസ പ്രമേയത്തെ നേരിടാനാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
ഭരണസമിതിയുടെ കാലാവധി കഴിയാൻ ആറുമാസത്തിൽ കുറവ് സമയപരിധിയിരിക്കെ ഇനി അവിശ്വാസ വോട്ടെടുപ്പ് നടക്കുമോയെന്ന് വ്യക്തമല്ല. എങ്കിലും സലിമിന്റെ തീരുമാനം യു.ഡി.എഫ് പക്ഷത്തെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരിക്കുകയാണ്. നിലവിൽ കൗൺസിൽ യോഗം ചേരാൻ തന്നെ യു.ഡി.എഫ് ഭയപ്പെടുകയാണെന്ന എൽ.ഡി.എഫ് ആരോപണമുണ്ട്. ഭൂരിപക്ഷം നഷ്ടമായതിലാനാണിതെന്നും എൽ.ഡി.എഫ് പറയുന്നു. ഈ ആരോപണത്തെ മറികടക്കാൻ ഇനി യു.ഡി.എഫിനാകും.
എന്നാൽ മുന്നണിയിലെ ധാരണപ്രകാരം മുസ്ലിംലീഗിന് മേയർ സ്ഥാനം കൈമാറാനായിട്ടില്ല. ലീഗ് കൗൺസിലറുടെ തന്നെ നിലപാടിൽ ഡെപ്യൂട്ടി മേയർക്കെതിരായ അവിശ്വാസം പാസാവുകയും മേയർക്കെതിരായ അവിശ്വാസ നോട്ടീസും ലോക്ക് ഡൗണുമാണ് ഇക്കാര്യത്തിൽ തടസമായത്. ആറുമാസം പോലും കാലയളവില്ലാതെ ഇനി മേയർ സ്ഥാനം ലീഗിന് ലഭിക്കുമോയെന്നതും സംശയകരമാണ്. നിലവിൽ ഡെപ്യൂട്ടി മേയർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയുമാണ്.
ബൈറ്റ്
ജില്ലാ നേതൃത്വവും എം.എൽ.എയും പ്രാദേശികമായി ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ സംസാരിച്ചിട്ടുണ്ട്. ചില ഉറപ്പുകളും നേതൃത്വത്തിൽ നിന്ന് ലഭിച്ചു. മേയർക്കെതിരായ അവിശ്വാസ വോട്ടെടുപ്പ് വരികയാണെങ്കിൽ യു.ഡി.എഫിനൊപ്പം നിൽക്കും.
കെ.പി.എ സലിം, കൗൺസിലർ