കാസർകോട്: കാസർകോട്ട് ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അജാനൂർ പഞ്ചായത്തിലെ മാവുങ്കാൽ ആനന്ദാശ്രമത്തിന് സമീപത്തുള്ള 24 വയസുള്ള യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 16 ന് പനിയും ചുമയും ബാധിച്ചതിനെ തുടർന്ന് യുവാവ് ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നു.
പിന്നീട് 24 ന് വീണ്ടും എത്തിയപ്പോൾ അധികൃതർ സ്രവ പരിശോധനക്ക് വിധേയനാക്കിയിരുന്നു. പിന്നീട് സംശയത്തെ തുടർന്ന് അന്നുതന്നെ ജില്ലാ ആശുപത്രിയിലെ നിരീക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സമ്പർക്കത്തിലാണ് യുവാവിനെ രോഗം പകർന്നത്. കർണാടക മടിക്കേരിയിൽ പോയതായി ആരോഗ്യവകുപ്പ് അധികൃതരോട് യുവാവ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കർണാടകയിൽ നിന്ന് പകർന്നത് സംബന്ധിച്ച് സംശയമുണ്ടെന്ന് അധികൃതർ പറഞ്ഞു. ലോക്ക് ഡൗൺ സമയത്താണ് യുവാവ് നാട്ടിലെത്തിയത്. ഇയാളുടെ സമ്പർക്കത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.