പാപ്പിനിശ്ശേരി:കൊവിഡ് 19 പ്രഖ്യാപനത്തിനു ശേഷവും കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള നിരവധി ആളുകൾ വിഷ ചികിത്സയുമായി ബന്ധപ്പെട്ട് പാപ്പിനിശ്ശേരി വിഷ ചികിത്സാ കേന്ദ്രം സജീവം. 24 മണിക്കൂറും വിഷചികിത്സാ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.
പാമ്പുകടിയേറ്റു വരുന്നവർക്ക് ഇവിടെ വർഷങ്ങളായി ആയുർവേദവും അലോപ്പതിയും സമന്വയിച്ചുകൊണ്ടുള്ള ചികിത്സാരീതിയാണ് കേന്ദ്രത്തിൽ അവലംബിച്ചു വരുന്നത്.1960 കളിൽ എം.വി.ആറിന്റെ നേതൃത്വത്തിൽ പ്രസിദ്ധ ഭിഷഗ്വരനായ സി.പി.കുമാരൻ വൈദ്യരുടെയും സാമൂഹ്യ പ്രവർത്തകനായ എം.കെ ഉമ്മർകോയയുടെയും സഹായത്തോടെ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് എം.വി.ആർ ആയുർവേദ മെഡിക്കൽകോളേജിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപാർട്ട്‌മെന്റ് ഓഫ് അഗതന്ത്ര (വിഷചികിത്സ) കൂടാതെ ഗവേഷണ കേന്ദ്രമായും പ്രവർത്തിച്ചു വരുന്നു.
കൊവിഡ് 19 ലോക്ക്ഡൗൺ ഘട്ടത്തിലും ഡോക്ടറുടെ സേവനം ഇവിടെ 24 മണിക്കൂറും സൗജന്യമായി ലഭ്യമാണ്. മാർച്ച്ഏപ്രിൽ മാസങ്ങളിൽ നൂറുകണക്കിന് ആളുകളാണ് വിഷ ചികിത്സയുമായി ബന്ധപ്പെട്ടും മറ്റു രോഗങ്ങൾക്കും ചികിത്സക്കായി ഇവിടെ എത്തിച്ചേർന്നത്. മെഡിക്കൽ സൂപ്രണ്ട് ഡോ.സ്മിത, ഡോ.ജോഷി ജോർജ്, ഡോ.ജയസ്മിത.എസ്.ജെ, ഡോ.ഷിധിൻ.കെ.കൃഷ്ണൻ, ഡോ.ജയദീപ്. കെ, ഡോ.സജിത് കുമാർ, ഡോ.ഒ.സി.ഭവ്യശ്രീ, ഡോ.അരുൺ ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് ഇവിടെ ചികിത്സ നടത്തി വരുന്നത്.
എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിന്റെ സ്‌പെഷ്യാലിറ്റി ഒ.പി. ക്ലിനിക്കും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഈ കേന്ദ്രത്തെ ആയുഷിന്റെ കീഴിൽ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു വരുന്നതായി ഡയറക്ടർ പ്രൊഫ. ഇ.കുഞ്ഞിരാമൻ അറിയിച്ചു.ലോക്ക്ഡൗണിൽ സർക്കാർ നിഷ്‌കർഷിച്ചിട്ടുള്ള മുഴുവൻ നിബന്ധനകളും പാലിച്ചു കൊണ്ടാണ് ഇവിടെ ചികിത്സ നടത്തി വരുന്നത്.