പിലിക്കോട് (കാസർകോട്): പിലിക്കോട് തെരുവിലെ കെ.സി സുരേന്ദ്രനെ (65) വെടിവെച്ച് കൊല്ലാൻ ഉപയോഗിച്ച കള്ളത്തോക്ക് കയ്യൂരിൽ നിന്ന് വാങ്ങിയതാണെന്ന് തെളിഞ്ഞു. അതിനിടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത പരിയാരം ഗവ. മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ ഡോ. ഗോപാലകൃഷ്ണ പിള്ള സംഭവസ്ഥലത്ത് നേരിട്ടെത്തി നടത്തിയ പരിശോധനയിൽ മൂന്ന് മീറ്റർ ദൂരത്ത് നിന്നാണ് പ്രതി വെടിവെച്ചതെന്ന് സ്ഥിരീകരിച്ചു.
പരിശോധനയിൽ സ്ഥലത്തു നിന്നും മറ്റു വെടിയുണ്ടകൾ ഒന്നും കണ്ടെത്താനായില്ല. കൊലപാതകം നടന്ന സുരേന്ദ്രന്റെ വീട്ടുപറമ്പും പരിസര പ്രദേശവും സന്ദർശിച്ചതിന് ശേഷം അദ്ദേഹം ചന്തേര പൊലീസ് സ്റ്റേഷനിൽ എത്തി വെടിവെക്കാൻ ഉപയോഗിച്ച നാടൻ തോക്ക് പരിശോധിച്ച് ഉറപ്പ് വരുത്തി. ചെറുവത്തൂർ-കയ്യൂർ റോഡിലെ മുഴക്കോം നാപ്പച്ചാൽ തോട്ടിൽ നിന്ന് കണ്ടെടുത്ത കള്ളത്തോക്ക് പ്രതി സനൽകുമാർ മൂന്ന് വർഷം മുമ്പ് 25,000 രൂപക്ക് വാങ്ങിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കയ്യൂർ ഐ.ടി.ഐക്ക് സമീപത്തെ മയ്യൽ റോഡിലെ പലോത്ത് സ്വദേശി പത്മനാഭൻ എന്നയാളിൽ നിന്ന് മൂന്ന് വർഷം മുമ്പാണ് സനൽകുമാർ മൃഗങ്ങളെ വേട്ടയാടാൻ എന്ന വ്യാജേന തോക്ക് വാങ്ങിയത്. പ്രതിഫലമായി കാൽ ലക്ഷം രൂപ നൽകിയതായും സനൽ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. മുമ്പ് സെക്യൂരിറ്റി ഗാർഡിന്റെ ജോലി ചെയ്തു വന്നിരുന്ന പത്മനാഭന് തോക്ക് എവിടെ നിന്ന് കിട്ടിയെന്ന് വ്യക്തമല്ല. ഇക്കാര്യം പൊലീസ് അന്വേഷിച്ചിട്ടില്ലെന്ന് അറിയുന്നു.
ലൈസൻസുള്ള മറ്റൊരു തോക്ക് ഇയാളുടെ കൈവശം ഉണ്ടെന്ന് അറിവായിട്ടുണ്ട്. നാപ്പച്ചാൽ തോട്ടിൽ നിന്ന് കണ്ടെടുത്ത കള്ളത്തോക്ക് ചീമേനി ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പത്മനാഭന്റെ വീട്ടിൽ കൊണ്ടുപോയി കാണിച്ചു ഉറപ്പുവരുത്തിയിരുന്നു. പിന്നീട് ഇയാളെ ചന്തേര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു പ്രതി സനലിന് വില്പന നടത്തിയതായി ഉറപ്പ് വരുത്തി മൊഴിയെടുത്ത ശേഷം പറഞ്ഞുവിടുകയും ചെയ്തു. അതേസമയം സനലിന് തോക്ക് വില്പന നടത്തിയ കയ്യൂർ സ്വദേശി കൂടുതൽ തോക്കുകൾ നിർമ്മിച്ച് വില്പന നടത്തുന്നുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. കേസ് അന്വേഷിക്കുന്ന ചന്തേര ഇൻസ്‌പെക്ടർ കെ.പി സുരേഷ് ബാബു, എസ്. ഐ മെൽവിൻ ജോസ് എന്നിവർ പൊലീസ് സർജൻ എത്തിയപ്പോൾ ഒപ്പമുണ്ടായിരന്നു.