covid-

കാസർകോട്: മാവുങ്കാൽ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സമൂഹ വ്യാപനത്തിനുള്ള സാധ്യത ആരോഗ്യ വകുപ്പ് ഗൗരവത്തോടെ പരിശോധിക്കുന്നു. 24 വയസുള്ള അജാനൂർ പഞ്ചായത്തിലെ മാവുങ്കാൽ ആനന്ദാശ്രമത്തിന് സമീപത്തുള്ള യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. യുവാവ് വിദേശത്തു നിന്ന് വന്നയാളല്ല. കർണ്ണാടകയിൽ നിന്നാണ് യുവാവിന് രോഗം പകർന്നതെന്നാണ് സംശയിക്കുന്നത്. നിയന്ത്രണങ്ങൾ ഒന്നും ഇല്ലാതെ യുവാവ് കറങ്ങി നടന്നു എന്ന വിവരമാണ് സമൂഹ വ്യാപന സാധ്യതയിലേക്ക് പോകുമോ എന്ന അവസ്ഥ ആരോഗ്യ വകുപ്പ് പങ്കുവെക്കുന്നത്. ഇക്കാര്യം ഗൗരവത്തോടെ അന്വേഷിക്കുകയാണെന്ന് ഡി.എം.ഒ ഡോ. ഏ വി രാംദാസ് പറഞ്ഞു. ഈ മാസം 16 ന് പനിയും ചുമയും ബാധിച്ചതിനെ തുടർന്ന് യുവാവ് ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നു. പിന്നീട് 24 ന് വീണ്ടും എത്തിയപ്പോൾഅധികൃതർ സ്രവ പരിശോധനക്ക് വിധേയനാക്കി. പിന്നീട് സംശയത്തെ തുടർന്ന് അന്നുതന്നെ ജില്ലാ ആശുപത്രിയിലെ നിരീക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. സമ്പർക്കത്തിലാണ് യുവാവിന് രോഗം പകർന്നത്. ഒരുമാസം മുമ്പ് കർണാടക മടിക്കേരിയിൽ പോയതായി ആരോഗ്യവകുപ്പ് അധികൃതരോട് യുവാവ് വ്യക്തമാക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ സമയത്താണ് യുവാവ് നാട്ടിലെത്തിയത്. ഇയാളുടെ സമ്പർക്കത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു. കുടുംബാഗങ്ങളോട് നിരീക്ഷണത്തിലിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കാസ‍ർകോട് ജില്ലയിൽ നിലവിൽ 14 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 669 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി രണ്ട് പേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 162 പേർ രോഗവിമുക്തരായി. 81 പേർ നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു. ഇന്നലെ രണ്ട് പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് ഒരാളും കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് ഒരാളുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. നിലവിൽ ജില്ലയിൽ 14 പോസിറ്റീവ് കേസുകളാണ് ഉള്ളത്. 92.3 ശതമാനമാണ് ജില്ലയിലെ കൊറോണ രോഗ ബാധിതരുടെ റിക്കവറി റേറ്റ്.