കാസർകോട്: കൊവിഡ് രോഗം സ്വീകരിച്ച മാവുങ്കാൽ ആനന്ദാശ്രമം സ്വദേശിയായ യുവാവിന്റെ സമ്പർക്ക പട്ടികയിൽ അമ്പതിലേറെ പേർ ഉണ്ടെന്ന് അറിഞ്ഞതോടെ കാസർകോട് വീണ്ടും കൊവിഡ് രോഗ ഭീതിയിലായി. വീട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ അമ്പതിലേറെ പേരുമായി ഇയാൾ ബന്ധപ്പെട്ടു എന്നാണ് അറിയുന്നത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയ ഇയാളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്. അതേസമയം യുവാവിനെ രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താൻ ആകാത്തത് അധികൃതരെ കുഴക്കുകയാണ്. കാസർകോട് ജില്ലയിൽ നിന്നാണോ കർണാടകത്തിൽ നിന്നാണോ രോഗം പടർന്ന് എന്ന് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
യുവാവിന്റെ വീട്ടുകാരുടെ ശ്രവ പരിശോധന നടത്തും. അജാനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ ഇന്ന് അതിനുള്ള നടപടികൾ തുടങ്ങി. സുഹൃത്തുക്കളിൽ പലരോടും നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗം ബാധിച്ചിട്ടും അക്കാര്യം ഉറപ്പില്ലാത്തതിനാൽ നിരീക്ഷണത്തിൽ ഒന്നും കഴിയാതെ യുവാവ് നാട്ടിൽ ഇറങ്ങി നടന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. യുവാവിന്റെ അടുത്ത ബന്ധു ആശ്രമത്തിലെ ജീവനക്കാരി ആണത്രെ.അതുകൊണ്ടുതന്നെ ആശ്രമവും കൊവിഡ് രോഗത്തിന്റെ ഭീതിയിലാണ്. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരിക്കാൻ സാദ്ധ്യതയുള്ള ആശ്രമത്തിലെ മറ്റ് ജീവനക്കാരെയും നിരീക്ഷണത്തിൽ ആക്കേണ്ടിവരുമെന്ന് ആരോഗ്യ വകുപ്പ് ജീവനക്കാർ പറയുന്നു.