കണ്ണൂർ: ആശങ്ക ഒഴിയാതെ കണ്ണൂർ. ട്രിപ്പിൾ ലോക്ക് നടപ്പിലാക്കിയിട്ടും കൊവിഡ് 19 വൈറസിനെ പിടിച്ച് കെട്ടാൻ കഴിയാതെ ജില്ലയിലെ ആരോഗ്യ പ്രവർത്തകരും പൊലീസും നിന്ന് വിയർക്കുകയാണ്. ഇന്നലെ വരെ കണ്ണൂർ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 2552 പേരാണ്. ഇവരിൽ 103 പേർ ആശുപത്രിയിലും 2449 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 49 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ ഏഴ് പേരും ജില്ലാ ആശുപത്രിയിൽ 14 പേരും കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ 33 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ 2960 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2801 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 2626 എണ്ണം നെഗറ്റീവാണ്. 159 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടർ പരിശോധനയിൽ പോസറ്റീവ് ആയത് 70 എണ്ണം.
നിയമവും നിയന്ത്രണവും കർശനമാക്കാൻ ജില്ലാ പൊലീസ് ചീഫിന് പുറമെ 2 ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കണ്ണൂരിൽ നിയമിച്ചിട്ടും കാര്യങ്ങൾ പിടിയിലൊതുക്കാൻ കഴിഞ്ഞിട്ടില്ല. കാസർകോട് മോഡൽ നിയന്ത്രളാണ് ഇപ്പോൾ ജില്ലയിൽ പൊലീസ് നടപ്പിലാക്കുന്നത്. ഗ്രാമീണ വഴികളും അതിർത്തി റോഡുകളും ഉൾപ്പെടെ മുഴുവൻ വഴികളും അടച്ചിട്ടും രോഗ വ്യാപനത്തെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. അതിനിടെ രോഗികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി പൊലീസ് തയ്യാറാക്കിയ ആപ്പിൽ നിന്നുള്ള വിവരങ്ങൾ ചോർന്നതിലെ വിവാദം ഒരുഭാഗത്ത് കത്തിനിക്കയാണ്. ഇനി വരാനുള്ള പരിശോധന ഫലത്തെ ഓത്ത് ആരോഗ്യ പ്രവത്തകരുടെ ചങ്കിടിപ്പ് ചെറുതല്ല.