കൂത്തുപറമ്പ്: ചെറുവാഞ്ചേരി എക്കാൽ തോട്ടിൽ കൈതക്കാടുകൾക്കിടയിൽ ഉടമസ്ഥനില്ലാതെ ബാരലിൽ സൂക്ഷിച്ച 170 ലിറ്റർ വാഷ് കണ്ടെത്തി. കൂത്തുപറമ്പ് എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്തിന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ ട്രെയിനി ജിജിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് കുമാർ, പി. രോഷിത്ത്, പ്രജീഷ് കോട്ടായി, കെ.എ പ്രനിൽ കുമാർ, എം. സുബിൻ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. ലോക്ക്ഡൗൺ തുടങ്ങിയ ശേഷം കൂത്തുപറമ്പ് റെയ്ഞ്ച് പരിധിയിൽ 26 കേസുകളിലായി 3700 ലിറ്ററോളം വാഷും 9 ലിറ്റർ ചാരായവും പിടികൂടിയിട്ടുണ്ട്.
പയ്യന്നൂർ റെയിഞ്ച് എക്‌സൈസ് പ്രിവെന്റീവ് ഓഫീസർ വി. മനോജിന്റെ നേതൃത്വത്തിൽ രാമന്തളി വില്ലേജിലെ കുന്നരു, ചിറ്റടി ഭാഗങ്ങളിൽ നിന്ന് ചാരായം വാറ്റാൻ സൂക്ഷിച്ച 350 ലിറ്റർ വാഷ് കണ്ടെത്തി. ആൾ പെരുമാറ്റമില്ലാത്ത കാടുകൾ നിറഞ്ഞ കല്ലുകൊത്തി ഉപേക്ഷിച്ച ചെങ്കൽ പണയിൽ നിന്നാണ് വാഷ് കണ്ടെത്തിയത്. ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ജനാർദ്ദനൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.വി സുരേഷ് ബാബു, എ.വി സജിൻ, പി.വി സനേഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സരിത എന്നിവരും ഉണ്ടായിരുന്നു. പാപ്പിനിശ്ശേരി റെയിഞ്ചിന്റെ പരിധിയിൽ എടാട്ട് കണ്ണങ്കാട്ട് റോഡിലെ കേരള ബറ്റാലിയൻ എൻ.സി.സി എടാട്ടിന്റെ ബോർഡിന് സമീപത്തുള്ള കലുങ്കിനിടയിൽ നിന്നും 200 ലിറ്ററിലധികം വാഷ് കണ്ടെടുത്തു നശിപ്പിച്ചു. എക്‌സൈസ് ഇൻസ്‌പെകർ എ. ഹേമന്ത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ കെ.സി ഷിബു, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സി. അഭിലാഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി. നിഷാദ്, എം.സി വിനോദ് കുമാർ എന്നിവരുമുണ്ടായിരുന്നു.
പിണറായി എക്‌സൈസ് റെയ്ഞ്ച് മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിലെ വീട്ടിൽ നിന്ന് 350 ലിറ്റർ കോട, 10 ലിറ്റർ ചാരായം, ഗ്യാസ് അടുപ്പ്, ഗ്യാസ് സിലിണ്ടർ, വാറ്റ് സെറ്റ് എന്നിവ കണ്ടെത്തി. ആരേയും അറസ്റ്റ് ചെയ്യാനായില്ല. പാർട്ടിയിൽ കെ.വി റാഫി, കെ.പി റോഷി, ഷബിൻ, സുമേഷ്, ഡ്രൈവർ സുകേഷ് എന്നിവർ ഉണ്ടായിരുന്നു.