petrol

കൊഹിമ: ലോക വിപണിയിൽ പെട്രോളിയത്തിന്റെ വിലയിടിയുമ്പോഴെല്ലാം പല പേര് പറഞ്ഞ് വില കൂട്ടുകയാണ് സർക്കാരുകൾ ചെയ്യുക. കൊവിഡ് കാലത്തും ഇതിലൊന്നും ഒരു മാറ്റവും ഇല്ല. ഇത്തവണ കൊവിഡ് വ്യാപനം മൂലം സംസ്ഥാനത്തിനുണ്ടായ വരുമാന നഷ്ടം പരിഹരിക്കാൻ പെട്രോളിനും ഡീസലിനും കൊവിഡ് സെസ് ചുമത്തിയിരിക്കുകയാണ് നാഗാലാൻഡ്.

ഡീസലിന് അഞ്ച് രൂപയും പെട്രോൾ, മോട്ടോർ സ്പിരിറ്റ് എന്നിവയ്‌ക്ക് ആറ് രൂപ വീതവുമാണ് സെസ് വർദ്ധിപ്പിച്ചത്. ഇന്നലെ അർദ്ധരാത്രി മുതൽ വില വർദ്ധനവ് പ്രാബല്യത്തിൽ വന്നു. നേരത്തെ അസം സർക്കാരും അധിക നികുതിയായി ഡീസലിന് ലിറ്ററിന് അഞ്ച് രൂപയും പെട്രോളിന് ലിറ്ററിന് ആറ് രൂപയും കൂട്ടിയിരുന്നു. വരുമാന ചോർച്ച തടയാൻ മേഘാലയ പെട്രോൾ ഉത്പന്നങ്ങൾക്ക് രണ്ട് ശതമാനം വിൽപന നികുതി സർചാർജും പ്രഖ്യാപിച്ചിരുന്നു.

കൊവിഡ് 19 വ്യാപനത്തെ തുടർന്ന് മാർച്ച് മാസം മുതൽ രാജ്യത്തിന് വൻ വരുമാന നഷ്ടമാണ് ഉണ്ടായത്. കേരളത്തിന് മാത്രം 80,000 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ വരുമാനത്തിലെ ഒരു വിഹിതം പിടിക്കാനുള്ള തീരുമാനത്തിനെതിരെ കോടതി രംഗത്തെത്തിയതോടെ സംസ്ഥാനം കൂടുതൽ സമ്മർദ്ദത്തിലായേക്കും. ഇതോടെ കേരളമടക്കം സമാനവഴി സ്വീകരിക്കാൻ നിർബന്ധിതരാകും. വ്യാവസായിക രംഗത്തെ സ്‌തംഭനവും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അടിമുടി ഉലച്ചിട്ടുണ്ട്. ലോക്ക്ഡൗൺ തുടർന്നാൽ സമ്പദ്‌വ്യവസ്ഥ കൂടുതൽ ദയനീയമായ അവസ്ഥയിലേക്കെത്തും. ഇതോടെയാണ് ലഭ്യമായ സാഹചര്യങ്ങളെല്ലാം ഉപയോഗപ്പെടുത്താൻ സർക്കാർ നിർബന്ധിതരാകുന്നത്.