കണ്ണൂർ: ലോക്ക്ഡൗണിൽ മദ്യത്തിന് ആവശ്യക്കാരേറിയതോടെ മലയോരം കേന്ദ്രീകരിച്ച് വ്യാജവാറ്റ് സജീവം. കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നതോടെ കൂടുതൽ മദ്യ ശേഖരം കണ്ടെത്താൻ എക്സൈസ് വകുപ്പ് ഡ്രോണുകളുടെ സേവനം ആശ്രയിച്ച് തുടങ്ങി. പയ്യന്നൂർ എക്‌സൈസ് റേഞ്ചിന്റെ നേതൃത്വത്തിലാണ് ചട്ടിവയൽ, താബോർ, മുതുവം, പരുത്തിക്കല്ല്, മരുതംപാടി, ചാത്തമംഗലം എന്നിവിടങ്ങളിൽ മുകളിൽ നിന്നുള്ള നിരീക്ഷണം തുടങ്ങിയത്. ദുർഘടമായ വനമേഖലകളിൽ വ്യാപകമായി ചാരായവാറ്റ് നടക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. പ്രിവന്റീവ് ഓഫീസർ പ്രകാശൻ ആലയ്ക്കലിന്റെയും പി.വി ശ്രീനിവാസന്റെയും നേതൃത്വത്തിലാണ് പരിശോധന.
ഇതിനിടെ പട്ടാനൂർ ചോലയ്ക്ക് അടുത്തുള്ള വടക്കേക്കരയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 65 ലിറ്റർ വാഷും 2 ലിറ്റർ ചാരായവും കണ്ടെത്തി. സംഭവത്തിലെ പ്രതിയായ എം. വേണു ഓടിരക്ഷപ്പെട്ടതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല. പ്രിവന്റീവ് ഓഫീസർ സി.പി ഷാജിയുടെ നിർദ്ദേശ പ്രകാരം കൂത്തുപറമ്പ് എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ. ശശികുമാറും സംഘവുമാണ് നേതൃത്വം നൽകിയത്.
ശ്രീകണ്ഠാപുരം എക്‌സൈസ് റേഞ്ച് പരിധിയിലെ കുറ്റിയാട്ടൂർ നിടുകുളം ഭാഗത്ത് നടത്തിയ റെയ്ഡിൽ നിടുകുളത്ത് നിന്നും 150 ലിറ്റർ വാഷ് കണ്ടെത്തി. പ്രിവന്റീവ് ഓഫീസർ കെ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ആലക്കോട് റേഞ്ചിലെ പോത്തുകുണ്ടിൽ തോട്ടുചാലിൽ പ്രവർത്തിച്ചിരുന്ന വൻ ചാരായ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. പ്ലാസ്റ്റിക്, അലുമിനിയം പാത്രങ്ങളിൽ തയ്യാറാക്കിയ 160 ലിറ്ററോളം വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ഉടമസ്ഥൻ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തളിപ്പറമ്പ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.വി പ്രഭാകരനും പാർട്ടിയും ചേർന്നാണ് റെയിഡ് നടത്തിയത്.