കോഴിക്കോട്: വിവിര ചോർച്ച വിവാദം അവസാനിക്കുന്നില്ല. സ്പ്രിംഗ്ളറിൽ തുടങ്ങിയ വിവാദം പൊലീസ് ആപ്പിലും അന്യ സംസ്ഥന സ്വകാര്യ കമ്പനികളിലേക്കും പടരുകയാണ്. കാസർകാടാണ് ആദ്യം കൊവാഡ് രോഗികളുടെ വിവരങ്ങൾ ചോർന്ന വാർത്ത പുറത്തുവന്നത്. ബംഗലൂരു ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിയിലേക്കാണ് ഇതിന്റെ അന്വേഷണം ചെന്നെത്തിയത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ പരാതിയിൽ ജില്ലാ പൊലീസ്ചീഫ് അന്വേഷണം നടത്തിവരുന്നതിനിടെ കണ്ണൂരിൽ പൊലീസിന്റെ ആപ്പിൽനിന്നും രോഗികളുടെ വിവരം ചോർന്നു. ഇപ്പോഴിതാ വിവര ചോർച്ച കോഴിക്കോടും എത്തിയിരിക്കയാണ്.
രോഗം മാറി വീട്ടിൽ കഴിയുന്ന വടകര വില്യാപ്പളളി സ്വദേശിക്ക് ബംഗളൂരുവിൽ നിന്നും ഡൽഹിയിൽ നിന്നും ഫോൺ കോളുകൾ എത്തിയത്. 5 ദിവസം മുൻപാണ് വില്യാപ്പിള്ളി സ്വദേശിക്ക് ആദ്യ കോൾ വന്നത്. ബംഗളൂരുവിലെ കൊവിഡ് ഓഫീസിൽ നിന്നെന്ന് പറഞ്ഞശേഷമായിരുന്നു സംസാരം. വിളിച്ചയാൾ ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നത്. രോഗ വിവരങ്ങൾ ചോദിച്ച ശേഷം വിലാസം ശരിയാണോയെന്നും ഉറപ്പാക്കി. രണ്ട് ദിവസം മുൻപ് ഡൽഹിയിൽ നിന്നും ഫോൺ കോൾ വന്നു. ഇവർ ഹിന്ദിയിലും മലയാളത്തിലും സംസാരിച്ചു, കൊവിഡ് കൗൺസിലിംഗ് എന്ന് പറഞ്ഞാണത്രെ വിളിച്ചത്. താൻ രോഗം ഭേദമായ വ്യക്തിയാണെന്ന് പറഞ്ഞപ്പോൾ ഓരോരുത്തരെയായി വിളിച്ച് വരുന്നേ ഉള്ളൂ എന്നായിരുന്നു മറുപടി. കോൾ വന്ന നമ്പറിലേക്ക് തിരിച്ച് വിളിച്ചെങ്കിലും ഈ നമ്പർ നിലവിലില്ലെന്ന മറുപടിയായിരുന്നു ലഭിച്ചത്. വിളിച്ച വിവരം കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറും സ്ഥിരീകരിച്ചിട്ടുണ്ട്. വിവര ശേഖരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.