pic-

കണ്ണൂർ: കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലെ കോളിത്തട്ട് മേഖലയിൽ മാവോയിസ്റ്റുകൾ ഇറങ്ങി. ഇന്നലെ വൈകുന്നേരമാണ് നാലംഗ സംഘം എത്തിയത്. യൂണിഫോമിലെത്തിയ സംഘം വരിക്കിയിൽ മനോജിന്റെയും അട്ടക്കുളം രാജന്റെയും വീട്ടിലെത്തിയ ഭക്ഷണം ആവശ്യപ്പെടുകയും മൊബൈലും ലാപ്പ്ടോപ്പുകളും ചാർജ്ജ് ചെയ്യുകയും ചെയ്തു. വൈകിട്ട് 6.30 മുതൽ രാത്രി 10 വരെയാണ് സംഘം ഈ വീടുകളിൽ തുടർന്നത്. നാൽപത് വയസിന് താഴെ പ്രായം തോന്നിക്കുന്ന രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് സംഘത്തിൽ ഉണ്ടായതെന്നാണ് സൂചന. ലോക്ക്ഡൗൺ ആയതിനാൽ ഭക്ഷണത്തിന് ആവശ്യമായ അരിയൊന്നും ഇല്ലെന്ന് പറഞ്ഞതോടെ ഇവർ തന്നെ ചായയുണ്ടാക്കി കുടിച്ചു.

ശാന്തിഗിരി പള്ളിയുടെ മുകളിലേക്കുള്ള കണ്ണിയാൻ മല റോഡ് വഴിയാണ് ഇവർ സഞ്ചരിച്ചതെന്നാണ് വിവരം. മാന്യമായാണ് ഇവർ വീട്ടുകാരോട് സംസാരിച്ചത്. പച്ചനിറത്തിലായിരുന്നു ഇവരുടെ വസ്ത്രം. രാമച്ചി, കുറിച്യ, പണിയ കോളനികളിലെല്ലാം പതിവായി മാവോയിസ്റ്റുകൾ എത്താറുണ്ട്. രാത്രിയിൽ തന്നെ വിവരം അറിയിച്ചിരുന്നെങ്കിലും ഇന്റലിജസും കേളകം പൊലീസ് ഉദ്യോഗസ്ഥരുമെല്ലാം ഇന്നാണ് സംഭവ സ്ഥലത്ത് എത്താൻ തയ്യാറായത്. സ്ഥിരമായി ഇവർ എത്തുന്നതിനാൽ ജനങ്ങളിൽ മുൻപ് ഉണ്ടായിരുന്നത് പോലെ ആശങ്കയുമില്ല.