ദുബായ്: ജന്മനാട്ടിൽ വീട്ടുകാർ ലോക്ക്ഡൗണിൽ ദുരിതം അനുഭവിക്കുമ്പോൾ മണലാരണ്യത്തിൽ കഴിയുന്ന ഗൾഫ് പ്രവാസികൾ തീ തിന്നുകയാണ്. കൊവിഡ് ദുരന്തം ഉടൻ ശമിക്കുമെന്ന പ്രതീക്ഷ നശിച്ചതോടെയാണ് ഇവർ ഉരുകിക്കഴിയുന്നത്. പരിചിതരായ പലരെയും രോഗം പിടികൂടിയതോടെ തങ്ങൾക്ക് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ സാധിക്കുമോയെന്നാണ് ആശങ്ക.
ഗൾഫിൽ കൊവിഡ്19 ബാധിതരുടെ എണ്ണം ഇതിനകം അരലക്ഷം കടന്നു. 292 പേരാണ് ഇതുവരെ മരിച്ചത്. സൗദി അറേബ്യയിലാണ് രോഗം ഏറ്റവും തീവ്രമായി തുടരുന്നത്. 20077 പേർക്ക് രോഗം സ്ഥിരീകരിച്ചു. സൗദിയിൽ ആകെ മരണം 152ആയി. 11921 പേർക്ക് രോഗം സ്ഥിരീകരിച്ച ഖത്തറാണ് രണ്ടാം സ്ഥാനത്ത്. 10 മരണം ഇവിടെ റിപ്പോർട്ട് ചെയ്തു. യു.എ.ഇയിൽ 11380 പേരെയും രോഗം ബാധിച്ചു. 89 പേർ മരിച്ചു. കുവൈറ്റിൽ 3440 പേർക്ക് രോഗം ബാധിക്കുകയും 23 പേർ മരിക്കുകയും ചെയ്തു. ബഹ്റിനിൽ 2811 പേരെ രോഗം ബാധിച്ചു. എട്ടുപേർ മരിച്ചു. ഒമാനിൽ 2131 പേർക്ക് രോഗം സ്ഥിരീകരിച്ചു. 10 പേരാണ് മരിച്ചത്. പലയിടത്തും കുടുസ്സുമുറികളിൽ കൂട്ടത്തോടെ കഴിയേണ്ടി വരുന്നതാണ് മലയാളികളെ ഭയപ്പെടുത്തുന്നത്.
23 പ്രവാസി മലയാളികൾ കൊവിഡ് ബാധിതരായി മരിച്ചു. സൗദിയിൽ മരിച്ച 17 ഇന്ത്യക്കാരിൽ നാലു പേർ മലയാളികളാണ്. ഇന്നലെ മാത്രം എട്ടുപേരാണ് ഇവിടെ മരിച്ചത്. അഞ്ച് മഹാരാഷ്ട്ര സ്വദേശികൾ, മൂന്ന് ഉത്തർപ്രദേശ് സ്വദേശികൾ, രണ്ട് ബിഹാറുകാർ, രണ്ട് തെലങ്കാനക്കാർ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ.
ആകെ 3440 പേർക്ക് രോഗം സ്ഥിരീകരിച്ച കുവൈറ്റിൽ 1682 പേരും ഇന്ത്യക്കാരാണ്. ഇന്നലെ കുവൈറ്റിൽ ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 23 ആയി. ഇതിൽ എട്ടുപേർ ഇന്ത്യക്കാരാണ്. അതേസമയം രോഗമുക്തരാകുന്നവരുടെ എണ്ണം ഉയരുന്നത് ആശ്വാസമാകുന്നുണ്ട്. ഇന്നലെ 164 പേരാണ് രോഗമുക്തി നേടിയതെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 1176 ആയി. 64 ഇന്ത്യക്കാർ അടക്കം 152 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ലോകത്തെ വിവിധ രാജ്യങ്ങളിലായി 16 ലക്ഷം മലയാളികൾ കഴിയുന്നുണ്ട്. ഇതിൽ പകുതിയും ഗൾഫ് നാടുകളിലാണ്. സൗദിയിൽ 4,21,313 പേർ ജോലി ചെയ്യുന്നതായാണ് സർക്കാരിന്റെ കണക്ക്. മലപ്പുറം ജില്ലക്കാരാണ് ഏറ്റവും കൂടുതൽ പ്രവാസികളായി ജോലി ചെയ്യുന്നത്.