കാസർകോട്: കൊവിഡ്-19 ന്റെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് സർക്കാരിന്റെതായി ആകെ കിട്ടിയത് ഒരു മാസത്തെ 15 കിലോ സൗജന്യ അരി മാത്രം. റേഷൻ വിതരണത്തിലും മറ്റു ആനുകൂല്യങ്ങളിലും ഇവരെ സാമ്പത്തിക ബുദ്ധിമുട്ടില്ലാത്തവരായി കണ്ടുകൊണ്ട് സർക്കാർ പലവ്യജ്ഞന കിറ്റ് വിതരണത്തിൽ പോലും വിവേചനം കാട്ടുകയായിരുന്നുവെന്ന് ആക്ഷേപമുയരുന്നു.
വെള്ള, നീല റേഷൻ കാർഡുടമകൾ സ്ഥിരവരുമാനക്കാരും പ്രവാസി കുടുംബങ്ങളും സർക്കാർ ജീവനക്കാരുമൊക്കെയായാണ് വിലയിരുത്തപ്പെടുന്നത്. അത് കാരണമാണ് ആനുകൂല്യങ്ങൾ അനുവദിക്കുമ്പോൾ ഈ കാർഡ് ഉടമകളെ വകഞ്ഞുമാറ്റുന്നത്. എന്നാൽ ഈ വിഭാഗത്തിൽ തന്നെ കൂലി തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ, വ്യാപാര സ്ഥാപനങ്ങളിലെ ജോലിക്കാർ, കൃഷിക്കാർ എന്നിവർ ഉൾപ്പെടുന്നുണ്ട്. ലോക്ക്ഡൗൺ കാരണം ഈ വിഭാഗത്തിന്റെ വരുമാന മാർഗങ്ങളും അടഞ്ഞിരിക്കുകയാണ്.
റേഷൻ വിതരണത്തിൽ ബി.പി.എൽ വിഭാഗങ്ങളെയാണ് സർക്കാർ മുൻഗണനാക്രമത്തിൽ പരിഗണിക്കുന്നത്. സംസ്ഥാന സർക്കാറിനോടൊപ്പം കേന്ദ്രസർക്കാരിനും ഇതേ നിലപാടാണുള്ളത്. പിന്നോക്ക വിഭാഗമെന്ന് കണക്കാക്കി ഇവർക്ക് സൗജന്യറേഷനു പുറമെ മറ്റു മത, സാമൂഹ്യ, രാഷ്ട്രീയ, സന്നദ്ധ സംഘടനകൾ വഴിയും ആവശ്യത്തിന് ഭക്ഷണസാധനങ്ങളടങ്ങിയ കിറ്റുകൾ ലഭ്യമാക്കി വരുന്നുണ്ട്. വെള്ള, നീല കാർഡുടമകളെ ഇവിടെയും ആരും സഹായത്തിനായി പരിഗണിക്കുന്നുമില്ല.