കാസർകോട്: മാവുങ്കാൽ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സമൂഹ വ്യാപനത്തിനുള്ള സാദ്ധ്യത ആരോഗ്യ വകുപ്പ് ഗൗരവത്തോടെ പരിശോധിക്കുന്നു. 24 വയസുള്ള അജാനൂർ പഞ്ചായത്തിലെ മാവുങ്കാൽ ആനന്ദാശ്രമത്തിന് സമീപത്തുള്ള യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവ് ദുബായിയിൽ നിന്ന് വന്നയാളോ സമ്പർക്കത്തിൽ ഉൾപ്പെട്ട ആളോ അല്ലെന്നതാണ് സമൂഹവ്യാപനസാദ്ധ്യതയിലേക്ക് വിരൽചൂണ്ടുന്നത്.
ഒന്നര മാസം മുമ്പ് കർണ്ണാടകയിലെ കുടക് , മടിക്കേരി ഭാഗങ്ങളിൽ ഇയാൾ യാത്ര ചെയ്തു വന്നതാണ്. അവിടെ നിന്നാണ് യുവാവിന് രോഗം പകർന്നതെന്നാണ് സംശയിക്കുന്നത്. ഒരു മാസത്തോളം നിയന്ത്രണങ്ങളോ നിരീക്ഷണമോ ഇല്ലാതെ യുവാവ് കറങ്ങി നടന്നുവെന്ന വിവരമാണ് സമൂഹ വ്യാപനസാദ്ധ്യതയുടെ ആശങ്ക ഉയർത്തിയിരിക്കുന്നത്. ഇക്കാര്യം ഗൗരവത്തോടെ അന്വേഷിക്കുന്നുവെന്നാണ് ഡി .എം .ഒ ഡോ. എ വി രാംദാസ് പറയുന്നത്.
ഈ മാസം 16 ന് പനിയും ചുമയും ബാധിച്ചതിനെ തുടർന്ന് യുവാവ് ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നു. പിന്നീട് 26 ന് വീണ്ടും എത്തിയപ്പോൾ രോഗലക്ഷണം കണ്ടെത്തി സ്രവ പരിശോധനക്ക് വിധേയനാക്കുകയായിരുന്നു. അതിനിടെ യുവാവിനെ ചികിൽസിച്ച ഡോക്ടർ, രണ്ടു നേഴ്സുമാർ എന്നിവരും നിരീക്ഷണത്തിൽ പോയിട്ടുണ്ട്. യുവാവിന്റെ അച്ഛൻ, അമ്മ മറ്റു ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കി. അടുത്ത ബന്ധുക്കളുടെ സ്രവപരിശോധന നടത്തും. കർണ്ണാടകയിൽ നിന്ന് ലോക്ക് ഡൗൺസമയത്താണ് യുവാവ് നാട്ടിലെത്തിയത്. ആനന്ദാശ്രമം സ്വദേശിയുടെ സമ്പർക്കപട്ടികയിൽ അമ്പതിലേറെ പേർ ഉണ്ടെന്നാണ് സൂചന. വീട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ അമ്പതിലേറെ പേരുമായി ഇയാൾ ബന്ധപ്പെട്ടു എന്നാണ് അറിയുന്നത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയ ഇയാളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്. ജില്ലാ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് ഇയാൾ നാട്ടിൽ അലക്ഷ്യമായി കറങ്ങി നടന്നിരുന്നു. വിവരമറിഞ്ഞ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തുമ്പോൾ ഈയാളെ ബസ് സ്റ്റോപ്പിൽ നിന്ന് നടന്നുവരുന്നതാണ് കണ്ടത്. സ്രവം പരിശോധനക്ക് അയക്കുന്നത് വരെയും യാതൊരു നിരീക്ഷണവും ഉണ്ടായിരുന്നില്ല.
അജാനൂർ ഹോട്ട്സ്‌പോട്ടിൽ
മാവുങ്കാൽ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതോടെ അജാനൂർ ഗ്രാമ പഞ്ചായത്ത് പരിധിയും പുതുതായി ഹോട്ട്സ്‌പോട്ടിൽ ഉൾപ്പെടുത്തി ദുരന്ത നിവാരണ സമിതി ഉത്തരവിറക്കി. ചൈനയിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഒഴികെ പഞ്ചായത്തിൽ മറ്റാർക്കും രോഗം പിടിപെട്ടിരുന്നില്ല.
മെഡിക്കൽ വിദ്യാർത്ഥി നേരത്തെ രോഗമുക്തി നേടിയിരുന്നു.