കണ്ണൂർ: ലോക്ക് ഡൗൺ ശക്തമാക്കുന്നതിന്റെ ഭാഗമായി റോഡുകൾ അടച്ച് പലസ്ഥലങ്ങളിലും ഗതാഗതം തടസപ്പെടുത്തിയതിൽ പൊലീസിനെതിരെ പ്രതിഷേധവുമായി കണ്ണൂർ ജില്ലാ കളക്ടർ. ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കാൻ പൊലീസ് സ്വീകരിച്ച നടപടികൾക്കെതിരെയാണ് കളക്ടർ ടി.വി സുഭാഷ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
റെഡ് സോണിലുൾപ്പെടുന്ന ജില്ലയെന്ന നിലയിൽ ഹോട്ട് സ്പോട്ടായ പ്രദേശങ്ങൾക്ക് പുറമെയും ഗതാഗതം തടസപ്പെടുത്തിയിരുന്നു. ഇങ്ങനെ പരിയാരം പ്രദേശത്ത് പൊലീസ് റോഡ് അടച്ചത് ഗവ. മെഡിക്കൽ കോളേജിലേക്ക് വരുന്ന രോഗികളെയും ജീവനക്കാരെയും ബാധിച്ചതായി ചൂണ്ടിക്കാട്ടി പരാതി ലഭിച്ചതാണ് ജില്ലാകളക്ടറെ പ്രകോപിപ്പിച്ചത്.
ജില്ലാ പൊലീസ് മേധാവി കൊവിഡ് 19 അവലോകന യോഗങ്ങളിൽ പലപ്പോഴും പങ്കെടുക്കുന്നില്ലെന്നും പൊലീസ് തന്നിഷ്ടപ്രകാരം ലോക്ക് ഡൗൺ നടപടികൾ സ്വീകരിക്കുന്നതായും ജില്ലാ കളക്ടർക്ക് പരാതിയുണ്ടെന്നാണ് വിവരം. ഇതിന് പുറമെ അവശ്യസർവീസ് മേഖലയിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരെ പോലും പൊലീസ് തടയുകയും തിരിച്ചയക്കുകയും ചെയ്തതായി ജില്ലയിൽ പരാതി ഉയർന്നിരുന്നു. ഇക്കാര്യങ്ങളൊന്നും ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നില്ലെന്നാണ് പറയുന്നത്. മാഹി പ്രദേശത്തും കണ്ണൂർ പൊലീസ് റോഡ് തടസപ്പെടുത്തിയെന്ന പരാതിയുണ്ട്.
കണ്ണൂരിൽ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 100ലെത്തിയപ്പോഴാണ് ലോക്ക് ഡൗൺ ശക്തമാക്കാൻ പൊലീസിന് നിർദ്ദേശം നല്കിയത്. ഇതേതുടർന്ന് പൊലീസ് കാസർകോട് മോഡലിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപടികളിലേക്ക് പോവുകയായിരുന്നു. കാസർകോട് ഇതിന് നേതൃത്വം നല്കിയ ഐ.ജി വിജയ് സാക്കറെയുടെയും കണ്ണൂർ ഐ.ജി അശോക് യാദവിന്റെയും നേതൃത്വത്തിലാണ് നടപടികൾ ശക്തമാക്കിയത്.
വിവരം ചോർന്നതിലും അതൃപ്തി
പൊലീസിന്റെ കൈയിൽ നിന്ന് കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നതിലും ജില്ലാ ഭരണകൂടത്തിന് അമർഷമുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് അവരുടെ നീക്കങ്ങൾ പൊലീസിന് നിരീക്ഷിക്കാനാകും വിധം പ്രത്യേക ആപ്പ് പൊലീസ് തയ്യാറാക്കിയിരുന്നു. ഇങ്ങനെ പൊലീസ് ശേഖരിച്ച വിവരങ്ങളുടെ ലിങ്ക് താഴെക്കിടയിലെ ഉദ്യോഗസ്ഥരിൽ നിന്ന് ചോർന്നുവെന്നാണ് കരുതുന്നത്. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന് ശക്തമായ പ്രതിഷേധമുണ്ടായി. ആവശ്യത്തിനുള്ള വിവരങ്ങൾ തങ്ങൾ കൈമാറുന്നുണ്ടെങ്കിലും ഇതിന് പുറമെ പൊലീസ് നേരിട്ട് വിവരങ്ങൾ ശേഖരിക്കുന്നതിലാണ് ഇവരുടെ അമർഷം.