പയ്യന്നൂർ: കൊവിഡ് 19-നെ തുടർന്നുണ്ടായ അപ്രതീക്ഷിത ലോക്ക് ഡൗൺ കാരണം താത്ക്കാലികമായി പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് സഹായവുമായി തുടങ്ങിയ പയ്യന്നൂർ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ഓൺലൈൻ വീഡിയോ ക്ലാസുകൾ ശ്രദ്ധേയമാകുന്നു.

ക്ലാസുകൾ പോസ്റ്റ് ചെയ്ത ഡിപ്പാർട്മെന്റിന്റെ യൂട്യൂബ് ചാനൽ വിദ്യാർത്ഥിസമൂഹം ഏറ്റെടുത്തുകഴിഞ്ഞു. ആദ്യ ആറ് ദിവസങ്ങൾക്കുള്ളിൽ പതിനായിരത്തിലധികം വിദ്യാർത്ഥികളാണ് വീഡിയോ ക്ലാസുകൾ കണ്ടത്. ഗ്രാമീണ മേഖലയിൽ ഉള്ള ഏതെങ്കിലും ഒരു വിദ്യാഭ്യാസസ്ഥാപനം നൽകുന്ന ഓൺലൈൻ പഠനസാമഗ്രികൾക്ക് ഇത്തരത്തിൽ സ്വീകാര്യത ലഭിക്കുന്നത്അഭൂതപൂർവമാണെന്ന് കോളേജ് ഡിപ്പാർട്ട്മെൻറ് വൃത്തങ്ങൾ പറയുന്നു.

കോളേജിലെ വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ വീഡിയോ ക്‌ളാസുകൾ സാമൂഹ്യ മാദ്ധ്യമത്തിലൂടെ സർവകലാശാല പരിധിയിലെ മറ്റു കുട്ടികൾക്ക് കൂടി ലഭ്യമാക്കാൻ ഇതിന് പിന്നിൽ പ്രവർത്തിച്ച അദ്ധ്യാപകർ പിന്നീട് തീരുമാനിക്കുകയായിരുന്നു. ഒന്നാംവർഷ ബിരുദവിദ്യാർത്ഥികൾക്കുള്ള ഇംഗ്ലീഷ് കോമൺ കോഴ്സ് (ജനറൽ ഇംഗ്ലീഷ്) പാഠഭാഗങ്ങൾ ആണ് ഡിപ്പാർട്ട്മെൻറ് അദ്ധ്യപകർ ചേർന്ന് തയ്യാറാക്കിയത്. ഓരോ പാഠഭാഗത്തിന്റെയും വിശദീകരണവും ചോദ്യോത്തരങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രിൻസിപ്പൽ കൂടിയായ വകുപ്പ് മേധാവി ഡോ: പ്രേമചന്ദ്രൻ കീഴോത്ത് ,അദ്ധ്യാപകരായ രത്നപ്രഭ, വി.എസ്.ആർദ്ര , അമൃത വൈഡൂരി, ഡോ: പി.കെ. ഐശ്വര്യ , പി.ശാമിലി , എ.അഞ്ചു , നിവേദിത കരുൺ, ഷാനി വിജയൻ, എ.രേഷ്മ എന്നിവരുടേതാണ് ആദ്യ സീരീസിലെ ലക്ചർ ക്ലാസുകൾ.

ഡോ: എ. സി. ശ്രീഹരി,ഡോ: പി.ഷൈമ എന്നിവർ തയ്യാറാക്കിയ കോർ വിഷയങ്ങളുടെ ഓഡിയോ ക്ലാസ്സുകളും ഇന്നലെ മുതൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട് . ലോക്ക് ഡൗൺ തീരുന്നതിന് മുമ്പേ തന്നെ ഒന്നാം വർഷ ഇംഗ്ലീഷ് കോമൺ കോഴ്സിന്റെ അടുത്ത പാഠപുസ്തകത്തിന്റെ കൂടി ഓൺലൈൻ ക്ലാസുകൾ തയ്യാറാക്കുന്ന തിരക്കിലാണ് ഇപ്പോൾ ഡിപ്പാർട്ട്മെൻറ് അദ്ധ്യാപകർ.