നീലേശ്വരം: റെയിൽവേ ട്രാക്കിലൂടെ നടന്ന് നാട്ടിലെത്താനുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ശ്രമം നീലേശ്വരം പൊലീസ് ഇടപെട്ട് തടഞ്ഞു. കർണ്ണാടക - മഹാരാഷ്ട്ര അതിർത്തി ഗ്രാമത്തിൽ താമസിക്കുന്ന അഞ്ചു പേരാണ് സാഹസികമായി നാട്ടിലെത്താൻ ശ്രമം നടത്തിയത്.

കണ്ണൂർ ശ്രീകണ്ഠപുരത്ത് നിർമ്മാണ ജോലിയെടുത്ത് അവിടെ തന്നെ താമസിക്കുന്നവരാണ് ഇവർ. ശ്രീകണ്ഠപുരത്തെ വാടക മുറി പൂർണമായും ഒഴിഞ്ഞ് ഇവർ ചൊവ്വാഴ്ച്ച പുലർച്ചെ 4 മണിക്ക് പുറപ്പെട്ട് കിലോമീറ്റർ നടന്ന് തളിപ്പറമ്പിൽ എത്തുകയായിരുന്നു. ഇതിനു ശേഷം റെയിൽവേ ട്രാക്ക് കണ്ട് പിടിച്ച് അഞ്ചുപേരും നടക്കുകയായിരുന്നു.

ഇതിനിടെ നീലേശ്വരം പൊലീസിന് കിട്ടിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോൾ ഇവരെ പള്ളിക്കര റെയിൽവേ ട്രാക്കിൽ കുടി നടന്നുവരുന്നത് പൊലീസ് കണ്ടെത്തുകയായിരുന്നു. പൊരിവെയിലത്ത് ബാഗുകളും തൂക്കിയുള്ള നടത്തത്തിൽ ഇവർ പാടെ ക്ഷീണിച്ചിരുന്നു. പൊലീസ് ഇവർക്ക് വെള്ളവും ഭക്ഷണവും നൽകി വിശ്രമിക്കാൻ അനുവദിച്ചു. സംഭവം നീലേശ്വരം പൊലീസ് ജില്ല കളക്ടറെ അറിയിച്ചു. തുടർന്ന് കളക്ടറുടെ നിർദ്ദേശ പ്രകാരം ഈ അഞ്ചംഗ സംഘത്തെ വീണ്ടും തിരിച്ച് ശ്രീകണ്ഠാപുരത്തേക്ക് തന്നെ പറഞ്ഞയയ്ക്കുകയായിരുന്നു.എന്നാൽ താമസിക്കാനുള്ള മുറിയില്ല എന്ന് ഇവർ പറഞ്ഞു. തുടർന്ന് പൊലീസ് ഇവരിൽ നിന്ന് ഫോൺ നമ്പർ വാങ്ങി വാടക ഉടമയോട് സംസാരിച്ച് മുറികൾ നൽകാൻ ആവശ്യപ്പെടുകയായിരുന്നു.