ചെറുവത്തൂർ: ഉപ്പുവെള്ളത്തിലും അതിജീവന ശേഷിയുള്ള പുതിയ ഇനം നെൽവിത്ത് വികസിപ്പിച്ചെടുത്ത് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം . തീരദേശ മേഖലകളിലെ നെൽവയലുകളിൽ കൃഷി ചെയ്യാൻ അനുയോജ്യമായ നെൽവിത്തിനമായ മിഥില എന്ന ഇനമാണ് പുതുതായി കർഷകരിൽ പ്രതീക്ഷ ഉണർത്തുന്നത്.
വടക്കൻ കേരളത്തിലെ കൈപ്പാട്, തെക്കൻ കേരളത്തിലെ പൊക്കാളി എന്നീ തീരദേശ നെൽകൃഷി മേഖലയ്ക്ക് അനുയോജ്യമായ രീതിയിലുള്ളതാണ് മിഥില എന്ന പുതിയ നെല്ലിനം. ഗവേഷണ കേന്ദ്രത്തിലെ കാർഷിക ശാസ്ത്രഞ്ജ ഡോ.ടി.വനജയാണ് പുതിയ നെല്ലിനത്തിന്റെ മുഖ്യ ഗവേഷക. കഴിഞ്ഞ 20 വർഷത്തെ നീണ്ട ഗവേഷണത്തിലൂടെയാണ് മിഥില വികസിപ്പിച്ചെടുത്തത്.
ഏഴോം 1, ഏഴോം 2, ഏഴോം 3, ഏഴോം 4, ജൈവ എന്നീ നെല്ലിനങ്ങൾ വികസിപ്പിച്ചെടുത്തതും ഡോ. വനജയാണ്. മിഥില ഈ വരുന്ന ഒന്നാം വിളയിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ കൈപ്പാട് പ്രദേശത്തെ 30 ഏക്ര സ്ഥലത്ത് വിത്ത് ഗ്രാമമായി കൃഷി ചെയ്യും. ഇതിനു വേണ്ടുന്ന 900 കിലോ വിത്ത് പിലിക്കോട് പ്രാദേശിക കൃഷി ഗവേഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റിക്ക് എം.രാജഗോപാലൻ എം എൽ എ കൈമാറി. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.കെ.എൻ.സതീശൻ, ഡോ.ടി.വനജ, ഫാർമേഴ്സ് സൊസൈറ്റി ഭാരവാഹികളായ എം.കെ.സുകുമാരൻ, വി.വി.ചന്ദ്രൻ, എം.മനോഹരൻ എന്നിവർ സംബന്ധിച്ചു.
വെള്ളക്കെട്ടിന് യോജിച്ച ഇനം
ഉപ്പ് ലവണമില്ലാത്ത എന്നാൽ വെള്ളക്കെട്ടുള്ള നെൽപ്പാടങ്ങളിലേക്കും യോജിച്ച ഇനമാണ് മിഥില . നെൽച്ചെടി അർധനെടിയ ഇനമായതിനാൽ ഈ ഇനം ഒടിഞ്ഞ് വീഴലിനെ ചെറുക്കുന്നതിനാൽ യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്ത് സാധ്യമാണ്. ചോറ് മികച്ച പോഷക ഗുണമുള്ളതാണ്