കേളകം: അടക്കാത്തോട് ശാന്തിഗിരിയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം.ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെ വനാതിർത്തി പ്രദേശത്തെ വീടുകളിലെത്തിയ ആയുധധാരികളായ നാലംഗ സംഘം അരിയും പച്ചക്കറികളും ആട്ടയും ശേഖരിച്ച് ഇവരുടെ കൈവശമുള്ള മൂന്ന് പവർ ബാങ്ക്, ഒരു ടാബ് എന്നിവ ചാർജ്ജ് ചെയ്തതിന് ശേഷം മടങ്ങുകയായിരുന്നു..ഇതിന് മുമ്പും പലതവണ കേളകം പഞ്ചായത്തിലെ ശാന്തിഗിരിയിൽ മാവോവാദികൾ എത്തിയിട്ടുണ്ട്.

ശാന്തിഗിരി കോളിത്തട്ട് സ്വദേശികളായ അട്ടക്കുളം രാജൻ, വരിക്കയിൽ മനോജ് എന്നിവരുടെ വീടുകളിലാണ് മാവോയിസ്റ്റ് സംഘമെത്തിയത്. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘത്തിലെ നാലുപേരുടെ കൈയിലും തോക്കുകൾ ഉണ്ടായിരുന്നു.മണിക്കൂറുകളോളം വീടുകളിൽ ചെലവഴിച്ചാണ് ഇവർ മടങ്ങിയത്. വനംവകുപ്പുദ്യോഗസ്ഥരെയും തണ്ടർബോൾട്ടിനെയും കണ്ടാൽ ആക്രമിക്കുമെന്നും ഉടൻ തന്നെ മാവോയിസ്റ്റുകൾ കേരളത്തിൽ ശക്തി പ്രാപിക്കുമെന്നും ഇവർ പറഞ്ഞതായി രാജന്റെ മകൻ റൈബിൻ പറഞ്ഞു. വൈകുന്നേരം ആറരയോടെ എത്തിയ സംഘം രാത്രി ഒമ്പതരയോടെയാണ് മടങ്ങിയത്.

എത്തിയത് മൊയ്തീൻ,സാവിത്രി,രജിത

മുമ്പ് പലതവണ മാവോയിസ്റ്റുകൾ എത്തിയിട്ടുള്ള ശാന്തിഗിരി രാമച്ചി കോളനിയുടെ ഒരു കിലോമീറ്റർ അകലെയാണ് ചൊവ്വാഴ്ച ആയുധധാരികളായ സംഘം എത്തിയത്.സംഭവസ്ഥലം ഇരിട്ടി ഡിവൈ.എസ്.പി.സജേഷ് വാഴവളപ്പിൽ, കേളകം എസ് എച്ച്.ഒ.പി.വി.രാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തി പൊലീസ് കാണിച്ച ഫോട്ടോയിൽ നിന്നും വന്നത് മൊയ്തീൻ, സാവിത്രി, രജിത എന്നിവരെ വീട്ടുകാർ തിരിച്ചറിഞ്ഞിട്ടുണ്ട്. നാലാമത്തെയാൾ സൂര്യ എന്ന പേരിലായിരുന്നു വീട്ടുകാരുമായി പരിചയപ്പെട്ടത്. എന്നാൽ ഇയാൾ ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇവർക്കെതിരെ യു.എ.പി.എ പ്രകാരം കേളകം പോലീസ് കേസെടുത്തു.