കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയ മാവുങ്കാൽ ആനന്ദാശ്രമം സ്വദേശിക്ക് രോഗം പകർന്ന ഉറവിടം ഇനിയും അവ്യക്തം. ഈ മാസം 16 മുതൽ എട്ടു ദിവസം ബൈക്കിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ 20 ഓളം സ്ഥലങ്ങളിൽ കറങ്ങിയതായി യുവാവ് അധികൃതരോട് സമ്മതിച്ചു. പറശ്ശിനിക്കടവിലും അഴീക്കോടും ബേക്കലിലും ഉദുമയിലും പോയിട്ടുണ്ട്. അതേസമയം യുവാവിനെ രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താൻ സാധിക്കാത്തത് അധികൃതരെ കുഴക്കുകയാണ്. യുവാവിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്. യുവാവിനെ ഇന്നലെ വൈകീട്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിന്നും പരിയാരത്തെ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. വീട്ടിലെ അഞ്ചുപേരുടെ സാമ്പിൾ ശേഖരിച്ചതോടൊപ്പം വീട്ടിലേക്കുള്ള റോഡ് അടച്ചു.
ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട മാവുങ്കാലിലെ രണ്ട് കച്ചവടക്കാരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുടെ സാമ്പിളും എടുത്തിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളടക്കം 15 സാമ്പിളാണ് ശേഖരിച്ചത്. ഇന്നും സാമ്പിൾ ശേഖരിക്കും. യുവാവിന്റെ മാതാവ് ജോലി ചെയ്തിരുന്ന ആനന്ദാശ്രമത്തിലെ മഠാധിപതിയടക്കം 128 പേരോട് നിരീക്ഷണത്തിലിരിക്കാൻ നിർദേശിച്ചിട്ടുണ്ട്. യുവാവിനെ പരിശോധിച്ച ഡോക്ടറടക്കം മൂന്നു ആരോഗ്യവകുപ്പ് ജീവനക്കാർ സ്വയം നിരീക്ഷണത്തിൽ പോയി. യുവാവിന് രോഗം പകർന്നത് ഉദുമയിൽ നിന്നോ ചെമ്മനാട് നിന്നോ ആകാൻ സാദ്ധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാല്‍ ഈ സ്ഥലങ്ങളിലുള്ള ആളുകളിൽ ആരുമായി ബന്ധപ്പെട്ടു എന്നകാര്യം യുവാവ് വ്യക്തമാക്കുന്നില്ല. സ്ഥലം സന്ദർശിച്ച കാര്യം മാത്രമാണ് പറയുന്നതെന്നും സമ്പർക്ക പട്ടിക തയ്യാറാക്കാൻ ഇനിയും സമയം വേണ്ടിവരുമെന്നും അധികൃതർ പറഞ്ഞു.