കാസർകോട്: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം മാനസിക പ്രശ്‌നങ്ങളെയും കൈകാര്യം ചെയ്യുകയാണ് ജില്ലാ ആരോഗ്യ വകുപ്പിലെ മാനസിക ആരോഗ്യ വിഭാഗം. സൈക്കാട്രിസ്റ്റ് ഡോക്ടർ സണ്ണി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഫെബ്രുവരി 15 മുതൽ കൺട്രോൾ റൂമിൽ സേവനം അനുഷ്ഠിക്കുന്നത്. കൊവിഡ് മൂലമുള്ള മാനസിക സംഘർഷവും ലോക്ക് ഡൗൺ മൂലമുണ്ടാകുന്ന സാമൂഹിക സാമ്പത്തിക കുടുംബപരമായ മാനസിക സംഘർഷങ്ങൾക്കും കൗൺസലിംഗിലൂടെയാണ് പരിഹാരം നൽകുന്നത്.
കൊവിഡ് പോസിറ്റീവായാൽ ഉടൻ രോഗിയേയും കുടുംബത്തെയും അത് നേരിടാൻ മാനസികമായി സന്നദ്ധമാക്കുകയും നിരീക്ഷണ, ചികിത്സ ഘട്ടത്തിലേക്ക് എത്തിക്കുകയും ചെയ്യും. കൺട്രോൾ റൂമിൽ കോളുകൾക്കെല്ലാം നിർദ്ദേശങ്ങളും സഹായവും ഉറപ്പ് വരുത്തുന്നു. ഐസൊലേഷൻ വാർഡിൽ കിടക്കുന്ന പോസിറ്റീവും നെഗറ്റീവും ആയ വ്യക്തികൾ, വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ അതിഥി തൊഴിലാളികൾ, ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർ, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ, പകൽ വീട്ടിലുള്ള അന്തേവാസികൾ, മാനസികാരോഗ്യ ക്യാമ്പിലൂടെ സേവനം ലഭിക്കുന്നവർ, പ്രത്യേക പരിരക്ഷ ആവശ്യമുള്ള കുട്ടികൾ, എന്നിവർക്കാണ് മാനസിക പരിരക്ഷ ഉറപ്പുവരുത്തുന്നത്.
നോഡൽ ഓഫീസർ ഡോ. സണ്ണി മാത്യു, സൈക്കാട്രിക് സോഷ്യൽ വർക്കർ റിൻസ് മാണി, പ്രൊജക്റ്റ് ഓഫീസർ പി.പി പ്രജിത്ത് , പ്രൊജക്റ്റ് ഓഫീസർ മാളവിക, സ്റ്റാഫ് നേഴ്‌സ് ദേവദർശൻ, അശ്വനി കൂടാതെ അനുയാത്ര ജീവനക്കാർ, ഡി.ഇ.ഐ.സി സ്റ്റാഫ്, ഐ.സി.ഡി.എസ് കൗൺസിലർമാർ എന്നിവരാണ് പ്രവർത്തനങ്ങള്‍ൾ ഏകോപിപ്പിക്കുന്നത്.