pic

കാസർകോട്: മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് നടപടി കർശനമാക്കി. മാസ്ക്കില്ലാതെ വാഹനങ്ങളിലും അല്ലാതെയും പുറത്തിറങ്ങുന്നവരെ പിടികൂടി 200 രൂപ പിഴ ചുമത്താനാണ് തീരുമാനം. തെറ്റ് ആവർത്തിക്കുന്നവർ 5000 രൂപ പിഴ അടക്കേണ്ടി വരും. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും കേസ് എടുക്കുമെന്നും ജില്ലാ കളക്ടർ ഡോ. സജിത് ബാബു ഇന്നലെ വ്യക്തമാക്കിയിരുന്നു.

മാസ്ക്ക് ധരിക്കാത്തവരെ കണ്ടെത്താൻ രാവിലെ മുതൽ പൊലീസ് രംഗത്തിറങ്ങി. നഗരങ്ങളിലാണ് പരിശോധന ആരംഭിച്ചത്. ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന്റെ നിർദ്ദേശ പ്രകാരം ജില്ലയിൽ വ്യാപകമായി മാസ്ക്ക് പരിശോധന നടത്താനാണ് തീരുമാനം. അതേസമയം സംസ്ഥാനത്ത് മാസ്ക്ക് നിർബന്ധമാക്കിയതോടെ കടുത്ത ക്ഷാമം നേരിടുകയാണ്. മെഡിക്കൽ ഷോപ്പുകളിലടക്കം കിട്ടാനില്ല. പ്രത്യേകം തയ്യാറാക്കിയ മാസ്‌ക്കുകൾ വാങ്ങിക്കാൻ വലിയ തിരക്കായിരുന്നു. തുണികൾ കൊണ്ട് സ്വയം മാസ്‌ക്കുകൾ തയ്യാറാക്കി ഉപയോഗിക്കുകയാണ് പലരും. ഭൂരിഭാഗം പേരും തൂവാലകൾ മുഖത്ത് കെട്ടിയാണ് പുറത്തിറങ്ങുന്നത്. സന്നദ്ധ സംഘടനകൾ മാസ്ക്കുകൾ നിർമ്മിച്ചു നൽകിയെങ്കിലും അവയെല്ലാം ഉപയോഗിച്ച ശേഷം നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്. തുണിയും ഇലാസ്റ്റിക്കും കിട്ടാനില്ലാത്തത് മാസ്ക്ക് നിർമാണത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തുണികൾ കിട്ടാത്തതിനാൽ തയ്യൽക്കാർ പലരും ആവശ്യങ്ങൾ നിരസിച്ചു. ലോക്ക് ഡൗൺ കാരണം ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ അടച്ചതാണ് തുണി ലഭിക്കാത്തതിന് തടസമായത്.