pic

കാസർകോട്: വൈറസ് ഭീതിയിൽ നിന്നും ഇടക്കാലത്ത് ആശ്വാസം ലഭിച്ചിരുന്ന കാസർകോടിന് വീണ്ടും കൊവി‌ഡ് 19 ആശങ്ക. മാദ്ധ്യമ പ്രവർത്തകന് വൈറസ് ബാധ സ്ഥിതികരിക്കുകയും ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ജില്ലാ കളക്ടറടക്കം നിരീക്ഷണത്തിൽ പോകുകയും ചെയ്തതോടെയാണ് ജില്ല വീണ്ടും ഭീതിയിലാകുന്നത്. പുതിയ പോസീറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ അജാനൂർ പഞ്ചായത്തും ഹോട്ട്സ്പോട്ട് പട്ടികയിലേക്ക് വന്നതും കൊവിഡ് വ്യാപനമെന്ന ഭീതി ജനങ്ങളിലുണ്ടാക്കിയിട്ടുണ്ട്.

കൊവിഡ് സ്ഥിരീകരിച്ച മാദ്ധ്യമ പ്രവർത്തകൻ ഈ മാസം 19ന് അഭിമുഖം നടത്തിയതാണ് ജില്ലാ കളക്ടർ സജിത്ത് ബാബുവിനെ നിരീക്ഷണത്തിൽ പോകാൻ നിർബന്ധിതനാക്കിയത്. അദ്ദേഹത്തിന്റെ ഗൺമാൻ, ഡ്രൈവർ എന്നിവരും നിരീക്ഷണത്തിൽ പോയതോടെ ഇവരുടെയെല്ലാം സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.ഏറ്റവും കൂടുതൽ പേർ കൊവിഡ് രോഗബാധിതരായ ജില്ലയെന്ന ദുഷ്പേരിൽ നിന്നും പതിയെ കരകയറുന്നതിനിടെയാണ് ജില്ലയ്ക്ക് തിരിച്ചടിയുണ്ടായത്.

അതേസമയം പുതിയ കൊവിഡ് ബാധിതരുടെ ഉറവിടം കണ്ടെത്താനാകാത്തത് ജില്ലാ ഭരണകൂടത്തെയും ആരോഗ്യ വകുപ്പിനേയും പ്രതിസന്ധിയിലാക്കുന്നു. അവസാനമായി കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇവരിൽ ആർക്കും കൊവിഡ് ബാധിതരുമായോ വിദേശത്ത് നിന്ന് വന്നവരുമായോ സമ്പർക്കമുള്ളതായി കണ്ടെത്താനായിട്ടില്ല. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ചാനൽ റിപ്പോർട്ടർക്കും ചെമ്മനാട് സ്വദേശിക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച അജാനൂർ പഞ്ചായത്തിലെ മാവുങ്കാൽ സ്വദേശിക്കും സമാനമായ സാഹചര്യമാണ് ഉള്ളത്. ഉറവിടം കണ്ടെത്താനാകാത്തതിനാൽ രോഗം സ്ഥിരീകരിച്ച പ്രദേശം മുഴുവനായി അടച്ചിടുകയാണ് പൊലീസ് ചെയ്യുന്നത്. സാമൂഹ്യ വ്യാപനമെന്ന രീതി ഉണ്ടായാൽ അത് ജില്ലയെ സാരമായി ബാധിച്ചേക്കും.

പരിധി വിട്ടു പോകാനിരുന്ന വൈറസ് വ്യാപനത്തെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായാണ് നിയന്ത്രിക്കാനായത്. കാഞ്ഞങ്ങാട്, കാസർകോട് നഗരസഭകൾ, അജാനൂർ, കുമ്പള, മധൂർ, ചെമ്മനാട്, ചെങ്കള, മൊഗ്രാൽ പുത്തൂർ, മുളിയാർ പഞ്ചായത്തുകളാണ് ഇപ്പോൾ ഹോട്ട്സ്‌പോട്ടിലുളളത്.