janaki-house
പനത്തടി പെരുത്തടിയിലെ ജാനകിഭായിയുടെ വീട് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ വാസയോഗ്യമാക്കുന്നു

പനത്തടി(കാസർകോട്): പഞ്ചായത്ത് അധികൃതർ കൈവിട്ട പനത്തടി പെരുതടിയിലെ ജാനകിഭായിക്ക് ഇനി മഴ നനയാതെ അന്തിയുറങ്ങാം. മേൽക്കൂരയും വെള്ളവും വെളിച്ചവും ശൗചാലയവുമെല്ലാം യൂത്ത് കോൺഗ്രസുകാർ ഒരുക്കുന്നതോടെയാണ് പതിനൊന്നാം വാർഡിലെ എഴുപത് കാരിയ്ക്ക് നരക ജീവിതത്തിൽ നിന്നും മോചനമായത്.

സമ്പൂർണ്ണ വെളിയിട വിസർജ്ജന വിമുക്ത ഗ്രാമ പഞ്ചായത്ത് എന്ന ബഹുമതി 2016 ൽ നേടിയ പനത്തടിയിലാണ് ശൗചാലയം ഇല്ലാതെ ജാനകിഭായി കഴിഞ്ഞിരുന്നത്. സമ്പൂർണ ശൗചാലയ പ്രഖ്യാപനം നടത്തിയതിനാൽ വിധവയായ ജാനകിയമ്മക്ക് ഫണ്ട് ലഭിച്ചിരുന്നില്ല. ജനപ്രതിനിധികളും വാർഡുതല സമിതിയും ഇവരുടെ ദുരിത കഥ മറച്ചുവെച്ച് വിവരശേഖരണം നടത്തിയായിരുന്നു ബഹുമതി ഉറപ്പിച്ചത്. പെരുതടിയിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യാൻ പോയപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇവരുടെ ദുരിത കഥയറിഞ്ഞത്.

തുടർന്ന് വീട്ടിന് മേൽക്കൂര പണിത് നൽകി വാസയോഗ്യമാക്കി. വൈകാതെ വൈദ്യുതിയും കുടിവെള്ളവും കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ലഭ്യമാക്കും. ശൗചാലയവും പണിയും. നാട്ടുകാരും വീട് നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഭക്ഷണമൊരുക്കി പ്രദേശത്തെ അമ്മമാരും സഹായത്തിനെത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഷാഫി പറമ്പിൽ വിഭാവനം ചെയ്ത യൂത്ത് കെയർ സേവന പരിപാടികളുടെ ഭാഗമായാണ് വീട് പണിത് നൽകിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ്, പ്രവർത്തകരായ സന്തു ടോം ജോസഫ്, ശ്രീകാന്ത് ചെറുപനത്തടി, പി.എം രാഘവൻ, പി.വി സുരേഷ്, കെ.സി രാജു, കെ. വിനോദ്, ഇ. സുരേഷ്, കമ്മാടൻ, ബി.കെ സുരേഷ്, ഭാസ്കരൻ, ശരത്, ജി. രതീഷ്, ചന്ദ്രൻ, രമേശൻ, സന്തോഷ്‌ എന്നിവർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.