pic

കാസർകോട്: ലോക്ഡൗണിൽ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിലായി. കാഞ്ഞങ്ങാട് ആവിക്കരയിലെ കെ. ആഷിഖ് (24), കാഞ്ഞങ്ങാട് പഴയ കടപ്പുറം കല്ലൂരാവിയിലെ അഷ്‌ക്കർ അലി (26) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ച ടെമ്പോ വാൻ കസ്റ്റഡിയിലെടുത്തു. ആറു കിലോ കഞ്ചാവാണ് സംഘത്തിൽ നിന്നും പിടിച്ചെടുത്തത്.

ഉച്ചയ്ക്ക് ഒരു മണിയോടെ ബേക്കൽ കവലയിൽ വാഹന പരിശോധന നടത്തുകയായിരുന്നു എസ്.ഐ പി.അജിത് കുമാറും സംഘവും. ഇതിനിടെയാണ് ഉപ്പള ഭാഗത്ത് നിന്നും യുവാക്കളെത്തിയത്. പരിശോധനയ്ക്കിടെ പൊലീസിന് കഞ്ചാവ് മണത്തു. ഇതോടെ വാഹനത്തിൽ കൂടുതൽ പരിശോധന നടത്തുകയായിരുന്നു. ബ്രൗണ്‍ നിറത്തിലുള്ള കടലാസിൽ ഭംഗിയായി പൊതിഞ്ഞ നിലയിൽ കഞ്ചാവിന്റെ രണ്ടു കിലോയുടെ ഒരു പായ്ക്കറ്റ് ഡ്രൈവറുടെ സീറ്റിന് പിറകിലും രണ്ടെണ്ണം സീറ്റിനടിയിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഒരു കെട്ട് പൊട്ടിച്ച നിലയിലായിരുന്നു. ഈ പൊതിയിൽ നിന്നും കഞ്ചാവ് ആർക്കോ കൈമാറാൻ പൊട്ടിച്ചതാകമെന്നാണ് പൊലീസിന്റെ നിഗമനം.

നീലേശ്വരം, കാഞ്ഞങ്ങാട്, ഉദുമ ഭാഗങ്ങളിൽ ചില്ലറ വിൽപനക്ക് കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. സി.പി.ഒമാരായ പ്രകാശൻ, പ്രജിത്ത്, രഞ്ജിത്ത്, ഡ്രൈവർ ജയേഷ്, ബേക്കൽ കവലയിലെ പൊലീസ് പരിശോധനാ കേന്ദ്രത്തിലുണ്ടായ കെ.എ.പി സംഘവും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. വിവരമറിഞ്ഞ് ജില്ലാ പൊലീസ് ചീഫ് പി.എസ് സാബു ,കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരൻ, ബേക്കൽ സി.ഐ പി. നാരായണൻ എന്നിവർ ബേക്കലിലെത്തി പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു.