kenya-

നെയ്‌റോ‌‌‌ബി : കൊവിഡ് 19 വ്യാപനം തടയാനെന്ന പേരിൽ അഭയാർത്ഥികളുടെ പ്രവേശനം നിഷേധിച്ച കെനിയൻ ഭരണകൂടത്തിന്റെ നീക്കം രൂക്ഷ വിമർശനത്തിന് ഇടയാക്കുന്നു. രാജ്യത്തെ രണ്ട് അഭയാർത്ഥി ക്യാമ്പുകളിലെ പ്രവേശനമാണ് വിലക്കിയത്. കിഴക്കൻ കെനിയയിലെ ദാദാബിലും വടക്ക് പടിഞ്ഞാറ് കെനിയയിലെ കാക്കുമ ക്യാമ്പിലുമാണ് നിയന്ത്രണമെന്ന് ആഭ്യന്തര മന്ത്രി ഫ്രഡ് മറ്റിയാങ്ങി അറിയിച്ചു. എന്നാൽ നേരത്തെയും സമാനമായ നീക്കം നടത്തിയ സർക്കാർ കൊവിഡിനെ അവസരമായി ഉപയോഗിച്ചെന്നാണ് വിലയിരുത്തൽ.

ഇപ്പോൾ ദദാബിൽ 2,17,000വും കാക്കുമയിൽ 1,90,000വും പേർ താമസിക്കുന്നുണ്ട്. സോമാലിയ, ദക്ഷിണ സുഡാൻ, ഇത്യോപ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികളാണ് കാൽ നൂറ്റാണ്ടായി ഇവിടത്തെ പരിതാപകരമായ സാഹചര്യത്തിൽ കഴിയുന്നത്. സോമാലിയയിലെ ആഭ്യന്തര യുദ്ധത്തെ തുടർന്ന് രണ്ടു ലക്ഷത്തോളം പേരാണ് അഭയം തേടി ദാദാബിൽ കഴിയുന്നത്. നിലവിൽ രാജ്യത്ത് ആറുലക്ഷത്തോളം അഭയാർഥികളുണ്ടെന്നാണ് കണക്ക്.

സുഡാൻ അതിർത്തിക്ക് സമീപത്താണ് കാക്കൂമാ അഭയാർഥി ക്യാമ്പ്. വരണ്ടുണങ്ങിയ ഈ പ്രദേശത്ത് പകൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാറുണ്ട്. അഭയാർഥികൾക്കിടയിൽ സ്ഥിരമായി അക്രമം നടക്കുന്നതിനാൽ ഇവിടെ കഴിയുന്നവരുടെ ജീവിതം ദുരിതപൂർണ്ണമാണ്. പക്ഷെ, ആർക്കും കാര്യമായി ഒന്നും ചെയ്യാനാകുന്നില്ല.

ഇവിടെ കഴിയുന്നതിൽ സൊമാലിയക്കാർക്ക് ജന്മനാടും നിരാശയാണ് നൽകുന്നത്. അറുപതു വർഷത്തിനിടയിലെ ഏറ്റവും കടുത്ത ക്ഷാമമാണ് സൊമാലിയയും നേരിടുന്നത്. സൊമാലിയയിൽ 40 ലക്ഷം പേർ പട്ടിണികൊണ്ടു വലയുന്നതായാണ് കണക്ക്. കടുത്ത വരൾച്ചയാണ് സൊമാലിയയിലെ കൊടും വറുതിക്ക് കാരണം. അയൽ രാജ്യങ്ങളായ എത്യോപ്യ, എറിത്രിയ, യുഗാണ്ട എന്നിവിടങ്ങളും വരൾച്ചാ ഭീഷണിയിലാണ്. 1991മുതൽ ഭരണസ്ഥിരതയില്ലാത്തതും വിമതരും സർക്കാർ സേനയും തമ്മിലുള്ള ഒടുങ്ങാത്ത പോരാട്ടവും ക്ഷാമബാധിതമായ സൊമാലിയയിലെ ജീവിതം അരക്ഷിതമാക്കിയിരിക്കുകയാണ്. ഇതാണ് പലായനത്തിന് പ്രേരിപ്പിക്കുന്നത്.

കെനിയയിൽ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. തലസ്ഥാനമായ നെയ്രോബിയിൽ നിന്ന് പുറത്തേക്ക് യാത്ര അനുവദിക്കുന്നില്ല. മൂന്ന് തീരദേശ പട്ടണങ്ങളിലും വടക്ക് കിഴക്ക് കൗണ്ടിയായ മണ്ടേരയിലും കർഫ്യൂ നടപ്പാക്കിയിട്ടുണ്ട്. ഇതിനിടെ 384 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 15 പേർ മരിക്കുകയും ചെയ്തു. ഇതിനിടെ അഭയാർത്ഥികളുടെ കൂട്ടത്തിലെ മറ്റൊരു വിഭാഗത്തിന്റെ മാതൃരാജ്യമായ ദക്ഷിണ സുഡാനും ആഭ്യന്തര സംഘർഷങ്ങളിൽ വലയുകയാണ്. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നായ ദക്ഷിണസുഡാൻ സ്വതന്ത്രമാക്കപ്പെട്ടതു മുതൽ ഗോത്രവർഗ്ഗങ്ങൾ തമ്മിലുള്ള കടുത്ത ഏറ്റുമുട്ടലിന്റെ വേദിയാണ്.