പാനൂർ: രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനായി കരിയാട് - പെരിങ്ങത്തൂർ മെയിൻ റോഡ് അടക്കം തുറന്നുനൽകണമെന്ന ആവശ്യവുമായി പാനൂർ നഗരസഭ . ട്രിപ്പിൾ ലോക്കിന്റെ ഭാഗമായി അടച്ചതിനാൽ രോഗികളെ കൊണ്ടു പോകുന്നതിലുളള പ്രയാസത്തെ പറ്റി പാനൂർ നഗരസഭ ചെയർപേഴ്സൺ ഇ.കെ.സുവർണ്ണ ഐ.ജിയുമായും ഡി.വൈ എസ് പിയുമായും സംസാരിച്ചിരുന്നു. ആരോഗപരമായ വിഷയങ്ങളുണ്ടാകുമ്പോൾ റോഡ് തുറന്നുനൽകുമെന്ന് അവർ ഉറപ്പ് നൽകിയെങ്കിലും പാലിക്കുന്നില്ലെന്നാണ് നഗരസഭ അധികൃതർ കുറ്റപ്പെടുത്തുന്നത്.
മൂന്നു ദിവസമായി കരിയാട് പെരിങ്ങത്തൂർ മെയിൻറോഡ്. പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്. പ്രസവം, എമർജൻസി രോഗം, ജനങ്ങളുടെ പ്രാഥമിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കി മേധാവികളുമായി മൂന്നു ദിവസങ്ങളായി നിരന്തരം ഇടപെട്ടെങ്കിലും ഫലം കണ്ടില്ലെന്നാണ് വൈസ് ചെയർപേഴ്സൺ റംല കുറ്റപ്പെടുത്തി. റോഡ് അടച്ച സ്ഥലത്ത് പൊലീസിനെ നിർത്തിയിട്ടില്ല.ഡയാലിസ് ചെയ്ത രോഗി നടന്നാണ് ഈ വഴിപോയത് .പ്രസവക്കേസുകളടക്കമുള്ളവയുടെ ഗൗരവം കണക്കാക്കിയാണ് തങ്ങൾ റോഡ് തുറക്കാൻ ആവശ്യപ്പെട്ടതെന്നാണ് നഗരസഭ അധികൃതർ പറയുന്നത്.