ആലക്കോട്: വീണുകിട്ടിയ റേഷൻകാർഡിൽ റേഷൻഷോപ്പിൽ നിന്നുള്ള ഭക്ഷ്യധാന്യകിറ്റും വാങ്ങി വിരുതൻ മുങ്ങി. കഴിഞ്ഞ ദിവസം വായാട്ടുപറമ്പ് റേഷൻഷോപ്പിലാണ് സംഭവം. കരുവൻചാലിനടുത്തുള്ള കണിയാൻചാൽ സ്വദേശിയുടെ റേഷൻകാർഡ് നഷ്ടപ്പെട്ടിരുന്നു. ഇതെ തുടർന്ന് തളിപ്പറമ്പ് താലൂക്ക് സപ്ളൈ ഓഫീസിൽനിന്നും ഡ്യൂപ്‌ളിക്കേറ്റ് കാർഡ് സംഘടിപ്പിച്ച് ഈയാൾ റേഷൻ കടയിലെത്തിയപ്പോഴേക്കും ഒറിജനൽ കാർഡിൽ മുൻഗണനാ വിഭാഗത്തിനുള്ള കിറ്റുമായി അജ്ഞാതൻ മുങ്ങുകയായിരുന്നു.
29 ന് ഉച്ചകഴിഞ്ഞ് കിറ്റ് വാങ്ങുന്നതിനായി കാർഡ് ഉടമ റേഷൻഷോപ്പിലെത്തിയപ്പോഴാണ് സംഭവം വെളിച്ചത്തായത്. കമ്പ്യൂട്ടറിൽ രേഖപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഈ കാർഡിനു ലഭിക്കേണ്ടതായ ഭക്ഷ്യധാന്യകിറ്റ് വായാട്ടുപറമ്പ് റേഷൻഷോപ്പിൽ നിന്നും കൈപ്പറ്റിയതായി വ്യക്തമാകുകയായിരുന്നു.