കാഞ്ഞങ്ങാട്: കൊവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളിൽ സംസ്ഥാന മൂന്നാമത്തെ കേസ് കാസർകോട്ട് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇടവേളകളുണ്ടായിരുന്നില്ല ഹെൽത്ത് ഇൻസ്പെക്ടർ പി.വി.ബാലന്. ആ രോഗിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തൊട്ട് സമ്പർക്ക പട്ടിക തയ്യാറാക്കൽ, സ്രവ പരിശോധന സൗകര്യം ഒരുക്കൽ ബോധവത്ക്കരണം തുടങ്ങി നിരവധിയായ പ്രവർത്തനങ്ങൾക്ക് മുന്നിലുണ്ടായിരുന്നു ഇദ്ദേഹം.

രണ്ടാംഘട്ടത്തിൽ രോഗികളുടെ എണ്ണം വർദ്ധിച്ചപ്പോൾ വിശ്രമം എന്തെന്നറിഞ്ഞിട്ടില്ല ഇദ്ദേഹം. സ്രവ പരിശോധനക്ക് എത്തുന്ന നൂറുകണക്കിന് പേർ, അവരുടെ രജിസ്ട്രേഷൻ, കൗൺസിലിംഗ്, പരിശോധനയ്ക്ക് എടുത്ത സാമ്പിളുകടെ പാക്കിംഗ് ഇങ്ങിനെ ഉത്തരവാദിത്തങ്ങൾ വർദ്ധിച്ച് വന്നപ്പോഴും തികഞ്ഞ ആത്മാർത്ഥതയോടെ കർമ്മരംഗത്തായിരുന്നു ബാലൻ . ജില്ലാശുപത്രിയിലെ ഐസൊലേഷൻ വാർഡിന്റെ ശുചീകരണ അണുനശീകരണ പ്രവർത്തനങ്ങളുടെ മേൽനോട്ടവും ബാലനായിരുന്നു. അലാമിപ്പള്ളിയിൽ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തപ്പോൾ സഹപ്രവർത്തകർക്കൊപ്പം ബാലനും സജ‌ീവമായി ഇടപെട്ടു.

ജില്ലാ ആശുപത്രിയിയുടെ എല്ലാ പ്രവർത്തന കൂട്ടായ്മകളിലെയും ബലമുള്ള കണ്ണി തന്നെയായിരുന്നു ഇദ്ദേഹം. .ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ ആശുപത്രികൾക്ക് നൽകുന്ന എൻ.ക്യു.എ.എസ് പുരസ്കാരം ലഭിച്ച കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ നേട്ടത്തിന് പിന്നിലും ഈ ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ളവരുടെ പ്രവർത്തനമികവുണ്ട്. ഇന്നലെ സർവീസ് അവസാനിച്ചെങ്കിലും കൊവിഡ് ഭീതി ഒഴിയുന്നതുവരെ തന്റെ പിന്തുണയറിയിച്ചാണ് ഇദ്ദേഹം ആശുപത്രിയുടെ പടിയിറങ്ങിയത്.