കണ്ണൂർ: ജില്ലയിലെ ഹോട്ട് സ്പോട്ടല്ലാത്ത പ്രദേശങ്ങളിൽ പൊലീസ് കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിന് പിന്നാലെ ലോക് ഡൗൺ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഹോട്ട് സ്പോട്ട്, നോൺ ഹോട്ട് സ്‌പോട്ട് പ്രദേശങ്ങളിൽ ചെയ്യാൻ അനുമതിയുള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ സംബന്ധിച്ച് ജില്ലാ കളക്ടർ ടി.വി സുഭാഷ് ഉത്തരവിറക്കി. ഹോട്ട് സ്പോട്ടല്ലാത്ത സ്ഥലങ്ങളിൽ റോഡുകൾ അടച്ചിടുകയും കടകളും മറ്റും തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരുടെ അറിവില്ലാതെ അടപ്പിക്കുകയും ചെയ്ത നടപടി പ്രതിഷേധത്തിനിടയാക്കിയിരുന്നു.
സ്വാഭാവികമായി ഉണ്ടാകുന്ന ആശയക്കുഴപ്പമാണ് സംഭവിച്ചതെന്ന് ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുകയും ചെയ്തു. ഇന്നലെ അടച്ചിട്ട പ്രധാന റോഡുകളിൽ രോഗികളെ ഉൾപ്പെടെ കടത്തിവിടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ ഹോട്ട് സ്പോട്ട്, നോൺ ഹോട്ട് സ്പോട്ട് മേഖലകളിലെ നിയന്ത്രണങ്ങളിലുള്ള അവ്യക്തത ഒഴിവാക്കാനാണ് കളക്ടർ ഉത്തരവിറക്കിയിരിക്കുന്നത്. ഇതിൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഒരു പ്രവർത്തനവും പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടില്ലെന്ന നിർദ്ദേശവുമുണ്ട്. ഉത്തരവ് കേരള സർക്കാർ പുറപ്പെടുവിച്ച മാർഗരേഖയുടെ അടിസ്ഥാനത്തിലാണെന്നും കളക്ടർ വ്യക്തമാക്കി.
ഹോട്ട് സ്പോട്ടുകളിൽ
1. തദ്ദേശ സ്ഥാപന സെക്രട്ടറിമാർ അനുമതി നൽകിയ മെഡിക്കൽ ഷോപ്പുകൾക്ക് പ്രവർത്തിക്കാം
2. അവശ്യസാധനങ്ങളുടെ ഹോം ഡെലിവറി തുടരണം. പഞ്ചായത്തുകൾ/ നഗരസഭകൾ എന്നിവർക്കാണ് ചുമതല. മിൽമ ഔട്ട്ലെറ്റുകൾക്കും ഹോം ഡെലിവറി നടത്താം
3. വളണ്ടിയർ മുഖേന റേഷൻ കടകൾക്ക് ഹോം ഡെലിവറി നടത്താം. പാചക വാതക വിതരണവും നടക്കും
4. എല്ലാ മെഡിക്കൽ സ്ഥാപങ്ങൾക്കും (മെഡിക്കൽ/ നോൺ മെഡിക്കൽ) പ്രവർത്തിക്കാം
5. കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിക്കും
6. കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി ജീവനക്കാർക്ക് യാത്രാനുമതിയുണ്ട്
7. മാദ്ധ്യമ സ്ഥാപനങ്ങൾക്ക് ദൈനംദിന ജോലികൾ തുടരാം
8. ആരോഗ്യ പ്രവർത്തകർ, സർക്കാർ ജീവനക്കാർ, ജില്ലാ കളക്ടർ, ആസൂത്രണ സമിതി എന്നിവർ നൽകിയ പാസ് കൈയിലുള്ള വളണ്ടിയർമാർ, തദ്ദേശസ്ഥാപനങ്ങളിൽ നിന്നും ഹോംഡെലിവറി നടത്തുന്ന വളണ്ടിയർമാർ എന്നിവർക്ക് യാത്രാനുമതി നൽകണം
നോൺ ഹോട്ട് സ്‌പോട്ടുകളിൽ
1. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം (എണ്ണം തദ്ദേശ സ്ഥാപനങ്ങൾ തീരുമാനിക്കും)
2. ഹോം ഡെലിവറിക്ക് മുൻഗണന. റേഷൻ കടകൾ തുറക്കാം. മിൽമ ബൂത്തുകൾക്കും പ്രവർത്തിക്കാം
3. പ്രധാന സർക്കാർ സേവനങ്ങൾ തുടരാം. കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിക്കും
4. എല്ലാ മെഡിക്കൽ സ്ഥാപനങ്ങൾക്കും പ്രവൃത്തികൾ തുടരാം
5. അനുവാദം നൽകിയ ദിവസങ്ങളിൽ വർക്ക്‌ഷോപ്പുകൾക്ക് പ്രവർത്തിക്കാം
6. പാചക വാതക വിതരണം തുടരാം. തപാൽ സേവനങ്ങൾക്കും അനുവാദമുണ്ട്