കാസർകോട്: കാസർകോട് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബുവിന് പിന്നാലെ ജില്ലയിൽ കൊവിഡ് പ്രതിരോധ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന എറണാകുളം ഐ ജി വിജയ് സാഖറെ, ഉത്തരമേഖലാ ഐ ജി അശോക് യാദവ് എന്നിവരും ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. കളക്ടർ ബുധനാഴ്ചയും ഐ .ജിമാർ ഇന്നലെയുമാണ് നിരീക്ഷണത്തിൽ പോയത്. ദൃശ്യ മാദ്ധ്യമ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കളക്ടറും ഐ ജിമാരും ക്വാറന്റീനിൽ പ്രവേശിച്ചത്.

അതേസമയം കളക്ടറുടെ സ്രവപരിശോധന ഫലം നെഗറ്റീവ് ആണെന്ന് കാസർകോട് ഡി എം ഒ ഡോ. എ. വി രാംദാസ് അറിയിച്ചു. ഇന്നലെയാണ് കളക്ടറുടെ സ്രവം പരിശോധന നടത്താനായി സാമ്പിൾ എടുത്തിരുന്നത്. കൊവിഡ് രോഗം വ്യാപകമായി പടർന്നുപിടിക്കാൻ തുടങ്ങിയതോടെ സ്‌പെഷ്യൽ ഡ്യുട്ടിക്കാണ് ഐ.ജിമാരായ വിജയ് സാഖറെയും അശോക് യാദവും കാസർകോട് എത്തിയിരുന്നത്. വിജയ് സാഖറെയുടെ കർശനമായ ഇടപെടലും നടപടിയും കാരണമാണ് ആളുകൾ പുറത്തിറങ്ങാതെ വീട്ടിലിരുന്നതും രോഗവ്യാപനം കുറച്ചതും. ഡ്യുട്ടിക്കിടയിൽ കാര്യങ്ങൾ വിശദീകരിക്കുന്നതിന് ഐ.ജിമാർ നിരവധി തവണ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ എത്തിയിരുന്നു. ദൃശ്യ മാധ്യമ പ്രവർത്തകനുമായ സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്ന എല്ലാവരും നിരീക്ഷണത്തിൽ കഴിയണമെന്ന് ഡി എം ഒ ആവശ്യപ്പെട്ടത് പ്രകാരം അഞ്ചോളം മാദ്ധ്യമ പ്രവർത്തകർ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. കൊവിഡ് റിപ്പോർട്ടിംഗിന്റെ ഭാഗമായി ഫീൽഡിൽ ഉണ്ടായിരുന്നവർ പരിശോധനക്ക് ഹാജരാകണമെന്ന് അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പത്ര, ദൃശ്യ മാദ്ധ്യമ പ്രവർത്തകരുടെ സാമ്പിൾ എടുത്തുവരികയാണ്.