തളിപ്പറമ്പ്: വിവാഹം നിശ്ചയിച്ച പാവപ്പെട്ട കുടുംബത്തിലെ യുവതിക്ക് കല്യാണ സാരി എത്തിച്ച് നല്ലി ജനമൈത്രി പൊലീസ് മാതൃകയായി. പട്ടുവം മുറിയാത്തോട് മംഗലശേരിയിലെ കല്ലിങ്കിൽ വനജക്കാന്ന് ജനമൈത്രി പൊലിസ് സഹായമായത്.

മംഗലശ്ശേരിയിലെ പരേതനായ കുഞ്ഞിരാമന്റെയും കമലയുടെയും മൂത്ത മകളാണ് വനജ.നിർദ്ധന കുടുംബാഗമായ വനജ തളിപ്പറമ്പിന് സമീപത്തെ വീടുകളിൽ വീട്ടുപണിയെടുത്താണ് ജീവിക്കുന്നത്. അനുജത്തിമാരുടെ വിവാഹത്തിന് ശേഷവും 40 കാരിയായ വനജയുടെ വിവാഹം കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് കരിമ്പം ചവനപ്പുഴയിലെ കുലിപ്പണിയെടുക്കുന്ന കെ.രാമചന്ദ്രൻ വനജയെ വിവാഹം കഴിക്കാൻ നിശ്ചയിക്കുന്നത്. മേയ് 3 ന് വിവാഹം നടത്താൻ തീരുമാനിക്കുകയും ചെയ്തു. കോവിഡിന്റെ പശ്ചാത്തലത്തിൽ ടെക്സ്റ്റയിൽസ് ഷോപ്പുകൾ അടഞ്ഞുകിടക്കുന്നത് വിവാഹ ദിവസം ധരിക്കേണ്ട സാരി വാങ്ങിക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു .പരിചയമുള്ള ഒരു സത്രീ വിവരം അറിഞ്ഞ് ചക്കരക്കല്ലിലുള്ള ബന്ധുവിനോട് വനജയുടെ അവസ്ഥ സൂചിപ്പിച്ചിരുന്നു. ഇവർ ചക്കരക്കല്ല് ജനമൈത്രി പൊലിസിലെ പ്രിയേഷിനെ അറിയിച്ചു. പ്രിയേഷ് കല്യാണ സാരി സംഘടിപ്പിച്ച് മയ്യിൽ ജനമൈത്രി പൊലിസിനെ ഏല്പിക്കുകയായിരുന്നു.

മയ്യിൽ ജനമൈത്രി പൊലീസ് തളിപ്പറമ്പ് ജനമൈത്രി പൊലീസിലെ ബീറ്റ് ഓഫീസർമാരായ എ.എസ്.ഐ: എ.സുരേഷ് , സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.പി.സെയ്യദ് എന്നിവർ കല്യാണ സാരി പട്ടുവം ഗ്രാമ പഞ്ചായത്ത് ഓഫിസിൽ എത്തിച്ചു. ഗ്രാമപഞ്ചായത്തിലെ സന്നദ്ധ സേന വളണ്ടിയർ വനജയെ ഗ്രാമ പഞ്ചായത്ത് ഓഫിസിൽ എത്തിക്കുകയും ബീറ്റ ഓഫീസർമാരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആനക്കീൽ ചന്ദ്രൻ കല്യാണസാരിയടങ്ങിയ കിറ്റ് വനജയെ ഏല്പിക്കുകയുമായിരുന്നു.