കാസർകോട്: ദുബായിയിൽ നിന്നെത്തി 39 ദിവസങ്ങൾ കഴിഞ്ഞ ഉദുമ സ്വദേശിയായ 41 വയസ്സുകാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇയാൾ മാർച്ച് 18 നാണ് വിദേശത്തുനിന്ന് വന്നത്. എത്തിയ ദിവസം മുതൽ 28 ദിവസം വീട്ടുകാരുമായി സമ്പർക്കത്തിൽ ഏർപെടാതെ നിരീക്ഷണത്തിലിരുന്നിരുന്നു. രോഗലക്ഷണം ഇല്ലാതിരുന്ന ഇയാൾ പിന്നീടാണ് വീട്ടുകാരെയും ബന്ധുക്കളെയും കാണുന്നത്. ഇത്രയും നാളും രോഗ ലക്ഷണം ഉണ്ടായിരുന്നില്ല.
അതിനിനെ വിദേശത്തുനിന്ന് വന്നവരുടെ സാമ്പിൾ പരിശോധിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദേശം നൽകിയിരുന്നു. ഉദുമ പഞ്ചായത്തിലെ മാങ്ങാട് സംഗമം ഓഡിറ്റോറിയത്തിൽ വച്ചാണ് സാമ്പിൾ ശേഖരണം നടക്കുന്നത്. ഇയാൾ ഈമാസം 27 നാണ് സ്രവം പരിശോധനക്ക് നൽകിയത്. ഫലം പോസിറ്റീവായതോടെ ഇയാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. വിദേശത്തുനിന്നാണ് ഇയാൾക്ക് രോഗം പകർന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
ഇന്നലെ പുതുതായി 6 പേരെയാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് രണ്ടു പേരെ ഡിസ്ചാർജ് ചെയ്തു. 473 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ജില്ലയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 167 പേരാണ് രോഗവിമുക്തരായിരിക്കുന്നത്. 230 പേർ നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു. നിലവിൽ ജില്ലയിൽ 11 പോസിറ്റീവ് കേസുകൾ ആണുള്ളത്. 93.8 ശതമാനമാണ് ജില്ലയിലെ കൊവിഡ് രോഗ ബാധിതരുടെ റിക്കവറി റേറ്റ്.