കോഴിക്കോട്: അവശ്യസേവനമെന്ന നിലയിൽ ലോക്ക് ഡൗണിൽ നിന്ന് മെഡിക്കൽ ഷോപ്പുകളെ ഒഴിവാക്കിയിട്ടും ലഭ്യത കുറയുമോയെന്ന ആശങ്കയിൽ മരുന്നുകൾ വാങ്ങിക്കൂട്ടുന്നു. പ്രമേഹം, കൊളസ്‌ട്രോൾ, ഹൃദ്രോഗം, നാഡീരോഗം എന്നിവയ്ക്കുള്ള മരുന്നുകളാണ് കൂടുതലും വാങ്ങുന്നത്. സ്ഥിരമായി കഴിക്കേണ്ട മരുന്നുകൾ ഒരു മാസത്തേക്കാണ് അധികംപേരും ആവശ്യപ്പെടുന്നതെന്ന് മെഡിക്കൽ ഷോപ്പ് ഉടമകൾ പറയുന്നു. രണ്ടും മൂന്നും മാസത്തേക്കുള്ള മരുന്ന് വാങ്ങുന്നവരും കുറവല്ല. കൊവിഡ്-19 വ്യാപനം തടയാൻ കൂടുതൽ നിയന്ത്രണങ്ങൾ വന്നാൽ മരുന്നുകൾ കിട്ടാതാകുമോ എന്ന ഭയവും വീടിന് പുറത്തിറങ്ങുന്നത് വിലക്കുമോയെന്ന ആശങ്കയും ആളുകൾക്കുണ്ട്. രോഗികൾ മരുന്നുകൾ വാങ്ങിക്കൂട്ടാൻ തുടങ്ങിയതോടെ മരുന്ന് ക്ഷാമം ഒഴിവാക്കാൻ പല മരുന്നുഷോപ്പുകളും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യം കൂടിയതിനാൽ മൊത്ത കച്ചവടക്കാരിൽ നിന്ന് മരുന്ന് കിട്ടാത്ത സ്ഥിതിയുമുണ്ടെന്ന് മെഡിക്കൽ ഷോപ്പ് ഉടമകൾ പറയുന്നു. അതേസമയം മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.