loan-proposal

കോഴിക്കോട്: കൊവിഡ് - 19 പിടിമുറുക്കിയതോടെ പണിയും പണവുമില്ലാതായ കുടുംബങ്ങൾ കുടുംബശ്രീ മുഖേനയുള്ള വായ്‌പയ്‌ക്കായി കാത്തിരിക്കുകയാണ്. കൂലിപ്പണിയടക്കം നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്ന തൊഴിലാളികൾ ഏക ആശ്രയമായാണ് ഈ വായ്പയെ കാണുന്നത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച രണ്ടായിരം കോടിയുടെ വായ്പ വിഷുവിന് മുമ്പ് കുടുംബശ്രീ അക്കൗണ്ടുകളിലെത്തും.

വായ്‌പ വേണ്ട അംഗങ്ങൾ അയൽക്കൂട്ടങ്ങളെ അറിയിക്കണം. ഒരാൾക്ക് 20,000 രൂപ വരെ ലഭിക്കും. ഒരു കുടുംബശ്രീയ്‌ക്ക് ആറ് ലക്ഷം വരെ വായ്‌പ അനുവദിക്കും. നിരവധി പേരാണ് വായ്‌പ‌ വേണമെന്നാവശ്യപ്പെട്ടെത്തുന്നത്. ഈ മാസം പത്തോടെ വിതരണം ആരംഭിക്കാനാണ് ശ്രമം. മൂന്ന് വർഷം വരെയാണ് തിരിച്ചടവ് കാലാവധി. കുറഞ്ഞ പണം ആവശ്യമുള്ളവർക്ക് അതും നൽകും. വായ്‌പയുടെ പലിശ സർക്കാർ നൽകും. അടവിന് മൂന്ന് മാസത്തെ ഇടവേളയും ലഭ്യമാക്കും.

കുടുംബശ്രീ യോഗം ചേരാൻ സാദ്ധ്യത ഇല്ലാത്തതിനാൽ ഫോൺ വഴിയാണ് അംഗങ്ങൾ ബന്ധപ്പെടുന്നത്. നിലവിൽ കുടുംബശ്രീയിൽ നിന്ന് വായ്‌പയെടുത്തവർക്കും തിരിച്ചടച്ചു കൊണ്ടിരിക്കുന്നവർക്കും പുതിയ വായ്‌പ എടുക്കുന്നതിന് തടസമില്ല. യാതൊരു കാരണവശാലും വായ്‌പ നിഷേധിക്കപ്പെടരുതെന്നും സർക്കാർ നിർദ്ദേശമുണ്ട്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ 20,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിലാണ് 2,000 കോടി രൂപയുടെ കുടുംബശ്രീ വായ്പാ പദ്ധതിയുമുള്ളത്.

കുടുംബശ്രീയിലൂടെ കൈത്താങ്ങ്

 കുടുംബശ്രീയ്ക്ക് അനുവദിച്ചത് - 2,000 കോടി രൂപ

 ഒരു കുടുംബശ്രീയ്‌ക്ക് ആകെ ലഭിക്കുന്നത് - 6 ലക്ഷം

 ഒരംഗത്തിന് പരമാവധി ലഭിക്കുന്നത് - 20,000 രൂപ

 തിരിച്ചടവ് കാലാവധി - മൂന്ന് വർഷം

 വായ്‌പയുടെ പലിശ സർക്കാർ നൽകും