tripti-desai-will-be-stop

കോഴിക്കോട്: കൊവിഡ് - 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒരു വശത്ത് ഗവ. ജീവനക്കാരുടെ ശമ്പളം പോലും പിടിച്ചെടുക്കുന്ന സർക്കാർ മറുവശത്ത് പണം ധൂർത്തടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ വാങ്ങുന്നതിന് ഇപ്പോൾ ഒന്നരക്കോടി രൂപ നൽകിയത് അംഗീകരിക്കാനാവില്ല. ധൂർത്ത് അവസാനിപ്പിച്ച് സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുകയാണ് ധനമന്ത്രി ചെയ്യേണ്ടത്. പ്രളയകാലത്ത് സർക്കാർ ജീവനക്കാരും സാധാരണ ജനങ്ങളുമെല്ലാം ദുരിതാശ്വാസ നിധിയിലേക്ക് കൈ അയച്ച് സഹായം നൽകിയതാണ്. എന്നാൽ ആ പണം കൃത്യമായി വിനിയോഗിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയായിരുന്നു. ദുരിതബാധിതർക്ക് സഹായം ലഭിച്ചില്ലന്നു മാത്രമല്ല, സി.പി.എം നേതാക്കൾ പണം തട്ടിയെടുക്കുന്ന സംഭവവുമുണ്ടായി. ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിച്ചും ധൂർത്തടിച്ചും സർക്കാരും അവർക്കൊപ്പം ചേരുകയായിരുന്നു. ഇപ്പോൾ ദുരിതാശ്വാസത്തിന്റെ പേരിൽ വീണ്ടും പിരിച്ചെടുക്കുന്ന പണവും ധൂർത്തടിക്കുകയും തട്ടിക്കുകയും ചെയ്യില്ലന്ന് എന്താണുറപ്പ് ?. നിർബന്ധിത സാലറി ചലഞ്ചിൽ നിന്ന് സർക്കാർ പിന്മാറണം. കഴിവും മനസുമുള്ളവർ പണം നൽകട്ടെ. ആ പണം കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാരിന് കഴിയണം. കൊറോണ നിയന്ത്രണത്തിന് സ്വന്തം രക്ഷ പോലും നോക്കാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, ശുചീകരണ ജീവനക്കാർ തുടങ്ങിയവരുടെ ശമ്പളം പിടിക്കുല്ലെന്ന് സർക്കാർ തീരുമാനിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.