കൽപ്പറ്റ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 10,031 ആയി. ബുധനാഴ്ച്ച 1541 പേരെ കൂടി നിരീക്ഷണത്തിലാക്കിയതോടെയാണ് ജില്ലയിൽ പതിനായിരം കടന്നത്. ഇവരിൽ 1427 പേർ പതിനാല് ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയവരാണെന്ന് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള അറിയിച്ചു.

11 പേർ ആശുപത്രിയിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 10 സാമ്പിളുകൾ പുതിയതായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ 120 സാമ്പിളുകൾ അയച്ചതിൽ 86 പേരുടെ ഫലം നെഗറ്റീവാണ്. 31 പേരുടെ ഫലം ലഭിക്കാനുണ്ടെന്നും കളക്ടർ വ്യക്തമാക്കി.

കോവിഡ് സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിൽ കഴിയുന്ന 3 പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 1284 വാഹനങ്ങളിലായി എത്തിയ 1792 ആളുകളെ സ്‌ക്രീനിങിന് വിധേയമാക്കി. ആർക്കും രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.

നൂറ് ടൺ കോഴിത്തീറ്റ എത്തിക്കും
കൽപ്പറ്റ: ജില്ലയിൽ ആവശ്യമായ കോഴിത്തീറ്റ ലഭ്യമാക്കും. തമിഴ്നാട്ടിലെ ഈറോഡിൽ നിന്ന് നൂറ് ടൺ കോഴിത്തീറ്റ ജില്ലയിൽ അടുത്ത ദിവസം എത്തിക്കും. അതിർത്തികളിൽ തടസ്സമില്ലാതെ കോഴിത്തീറ്റയുമായി വരുന്ന വാഹനങ്ങൾക്ക് ജില്ലയിലെത്താം. കർഷകർക്ക് ഇവ എത്തിച്ചു നൽകാൻ മൃഗ സംരക്ഷണ വകുപ്പിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. കാലിത്തീറ്റ എത്തിക്കാൻ അവശ്യ ഘട്ടങ്ങളിൽ വാഹനങ്ങളും ജില്ലാ ഭരണകൂടം ലഭ്യമാക്കും.

പനീർ നിർമ്മാണത്തിൽ പരിശീലനം നൽകും
കൽപ്പറ്റ: ജില്ലയിൽ പാൽ വിപണനം കുറയുന്ന സാഹചര്യത്തിൽ മിച്ചം വരുന്ന പാൽ ഉപയോഗിച്ച് പനീർ ഉത്പന്നം നിർമ്മിക്കുന്നതിനുളള സാധ്യത പരിഗണിക്കുന്നു. പാൽ ഉപയോഗ ശൂന്യമായി മാറുന്ന സാഹചര്യത്തിലാണ് നടപടി. ക്ഷീര കർഷകർക്കും സൊസൈറ്റികൾക്കും പനീർ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് ആവശ്യമായ പരിശീലനം നൽകാൻ മിൽമ അധികൃതർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

അവശ്യ സർവീസ്
ഡ്രൈവർമാരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി

കൽപ്പറ്റ: അവശ്യ സർവീസുമായി അതിർത്തി കടക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിരീക്ഷണത്തിൽ കഴിയേണ്ടതില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നിലവിൽ ചരക്ക് വാഹനങ്ങളുമായി പോയി വരുന്നവർ നിരീക്ഷണത്തിൽ കഴിയേണ്ടി വരുമോ എന്ന ആശങ്ക ഡ്രൈവർമാർ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ നിർദ്ദേശം നൽകിയത്. ജില്ലയിലേക്കുള്ള ചരക്ക് നീക്കങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

കോവിഡ് പ്രതിരോധ പ്രവർത്തനം
സന്നദ്ധ പ്രവർത്തകരെ പരിമിതപ്പെടുത്തി

കൽപ്പറ്റ: ജില്ലയിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സന്നദ്ധ പ്രവർത്തകരുടെ എണ്ണം പരിമതപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് തലത്തിൽ സുതാര്യമായും പരാതി രഹിതമായും സേവന സന്നദ്ധരായവരുടെ പട്ടിക തയ്യാറാക്കി സന്നദ്ധം പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ പഞ്ചായത്തുകളെ ചുമതലപ്പെടുത്തി. ഈ ലിസ്റ്റിൽ നിന്നാണ് ആവശ്യത്തിനുള്ള സന്നദ്ധ പ്രവർത്തകരെ തെരഞ്ഞെടുക്കുക. വാർഡ് തലത്തിൽ രൂപീകൃതമായ ജാഗ്രതാ സമിതികൾ അതത് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കും. ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവർക്ക് വാർഡ് തലത്തിൽ ഇറങ്ങി പ്രവർത്തിക്കുന്നതിന് നിയന്ത്രണമില്ല. ആരോഗ്യപരമായ കാരണങ്ങളാൽ പ്രവർത്തിക്കാൻ കഴിയാത്ത വാർഡ് മെമ്പർമാർക്ക് വളണ്ടിയർമാരെ ചുമതലപ്പെടുത്താം.

സൗജന്യ റേഷൻ വിതരണം തുടങ്ങി
കൽപ്പറ്റ: കോവിഡ് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ജില്ലയിൽ തുടങ്ങി. രാവിലെ ഒൻപത് മുതൽ ഒന്ന് വരെ മുൻഗണനാ വിഭാഗക്കാർക്കും, രണ്ട് മുതൽ അഞ്ച് വരെ മുൻഗണനേതര വിഭാഗക്കാർക്കുമാണ് റേഷൻ വിതരണം.

രോഗ വ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരമുളള ക്രമീകരണങ്ങൾ ഒരുക്കിയാണ് റേഷൻ വിതരണം ചെയ്യുന്നത്. അഞ്ചിൽ കൂടുതൽ പേർ ഒരേ സമയം ക്യൂവിലോ കടയിലോ നിൽക്കാൻ പാടില്ല. മഞ്ഞ (എഎവൈ) കാർഡുടമകൾക്ക് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും ലഭിക്കും. പിങ്ക് (പി.എച്ച്.എച്ച്) കാർഡുടമകൾക്ക് ഒരാൾക്ക് അഞ്ച് കിലോ അരി വീതവും നീല (എൻ.പി.എസ്), വെള്ള (എൻ.പി.എസ്) കാർഡുടമകൾക്ക് 15 കിലോ അരിയും ലഭിക്കും.

എല്ലാ കാർഡുടമകൾക്കും റേഷൻ ഉറപ്പ് വരുത്തും. മുഴുവൻ റേഷൻ കടകളിലും സാധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി നടത്തിയിട്ടുള്ള ക്രമീകരണങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ റഷീദ് മുത്തുക്കണ്ടി ആവശ്യപ്പെട്ടു.

ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം റേഷൻ കടകളിലെ ജീവനക്കാർക്ക് ആവശ്യമുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ഇപോസ് മെഷീനിലൂടെയുളള പഞ്ചിംഗ് സംവിധാനം മുൻകരുതലിന്റെ ഭാഗമായി നിർത്തലാക്കി.

പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനായി ലീഗൽ മെട്രോളജി, പൊതു വിതരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവരടങ്ങിയ സ്‌ക്വാഡ് ജില്ലയിലെ 600 കടകൾ പരിശോധിക്കുകയും ക്രമക്കേട് കണ്ടെത്തിയ കടകൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ നിത്യോപയോഗ സാധനങ്ങളും വിപണിയിൽ ലഭ്യമാക്കിയിട്ടുണ്ട്.

പൊതുവിതരണ മേഖലയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും ജില്ലാ സപ്ലൈ ഓഫീസ് 9188527326, വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസ് 9188527405, മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസ് 9188527406, സുൽത്താൻ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസ് 9188527407 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

മരുന്ന് ലഭ്യത ഉറപ്പുവരുത്താൻ നടപടി

കൽപ്പറ്റ: ലോക്ഡൗൺ പശ്ചാത്തലത്തിൽ ജില്ലയ്ക്കു പുറത്തെ മെഡിക്കൽ ഷോപ്പുകളിൽ നിന്നുള്ള മരുന്ന് ലഭ്യത ഉറപ്പുവരുത്താൻ നടപടി. മരുന്നുകൾ ആവശ്യമുള്ളവർ ഇതിനായി ക്രമീകരിച്ചിട്ടുള്ള 04936 203400 എന്ന കോൾ സെന്റർ നമ്പറിലോ ബന്ധപ്പെട്ട പഞ്ചായത്തിലോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വിവരങ്ങൾ നൽകണമെന്നു ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. കോൾ സെന്ററിൽ ലഭിക്കുന്ന വിവരങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് കൈമാറും. ആവശ്യമായ മരുന്നുകളുടെ വിവരങ്ങൾ, മരുന്ന് ആവശ്യമായ വ്യക്തികളുടെ വിവരങ്ങൾ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ ശേഖരിക്കേണ്ടത് സെക്രട്ടറിമാരുടെ ചുമതലയാണ്. തദ്ദേശസ്ഥാപന തലത്തിൽ ക്രോഡീകരിച്ച ലിസ്റ്റ് പ്രകാരം മെഡിക്കൽ വോളന്റിയറാണ് ബന്ധപ്പെട്ട മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് വാങ്ങി നൽകുക. മരുന്നിന്റെ വിലയും യാത്രാ ചെലവും രോഗി നൽകണം. സൗജന്യമായി മരുന്നുകൾ ആവശ്യമുള്ളവർ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ബന്ധപ്പെടേണ്ടത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കോൾ സെന്റർ മാനേജ്‌മെന്റിനും നാഷണൽ ഹെൽത്ത് മിഷൻ മൊബൈൽ ഹെൽത്ത് ഡിവിഷനിലെ ഡോ. അസ്ലം നോഡൽ ഓഫിസറായി പ്രവർത്തിക്കും.