മാനന്തവാടി: സൗജന്യ റേഷൻ വിതരണം സംബന്ധിച്ച സർക്കാർ ഉത്തരവിലെ അവ്യക്തത ചില കടയുടമകൾ മുതലെടുക്കുന്നതായി ആക്ഷേപം. കാർഡുടമ വാങ്ങാത്ത സാധനങ്ങൾക്കും ബില്ലടിക്കുന്നതായി പരാതി.
മഞ്ഞക്കാർഡ് ഉടമകൾക്ക് 30 കിലോ അരിയും 5 കിലോ ഗോതമ്പും, വെള്ള, നീല കാർഡുകാർഡുകാർക്ക് 15 കിലോ അരിയും, പിങ്ക് കാർഡുകാർക്ക് 4 കിലോ അരിയും ഒരു കിലോ ഗോതമ്പും
നൽകുമെന്നാണ് അറിയിപ്പ്.
റേഷൻ വാങ്ങാനെത്തിയ ചില കാർഡുടമകൾക്ക്
മാർച്ച് മാസത്തിൽ വാങ്ങിയ അരി കഴിച്ചുള്ള അരിയാണ് നൽകിയത്. 30 കിലോ ലഭിച്ചവർ തൂക്കി നോക്കിയപ്പോൾ 27 കിലോ മാത്രമാണുണ്ടായിരുന്നതെന്നും കാർഡുടമകൾ പരാതിപ്പെടുന്നു. കാർഡുടമകൾ വാങ്ങാത്ത സാധനങ്ങളും വാങ്ങിയതായി ബില്ലിൽ ചേർക്കുന്നതായി പരാതിയുണ്ട്. കാർഡുടമ വാങ്ങാത്ത സാധനങ്ങൾ കരിഞ്ചന്തയിൽ വിൽക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ആരോപണം.
മാനന്തവാടി നഗരസഭയിലെ ഒരു റേഷൻ കടയിലെ അരിവിതരണത്തെക്കുറിച്ച് കാർഡുമകൾ താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നൽകി. തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസർ പി.ഉസ്മാൻ, സംയുക്ത സ്‌ക്വാഡിലെ ഹെഡ് ക്വാർട്ടർ ഡെപ്യൂട്ടി താഹസിൽദാർ സി പി പ്രസന്നകുമാർ, റേഷനിംഗ് ഇൻസ്‌പെക്ടർ എസ് ജി വിനോദ്, ഡ്രൈവർ സിബി എന്നിവരുടെ
നേതൃത്വത്തിൽ വരടിമൂല കോളനിയിലും റേഷൻ ഷോപ്പിലും പരിശോധന നടത്തി. ക്രമക്കേടുകൾ നടന്നതായാണ് സൂചന. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകുമെന്ന് ടി എസ് ഒ പറഞ്ഞു
റേഷൻ വിതരണം സംബന്ധിച്ച ഉത്തരവിലെ അവ്യക്തതയാണ് ആക്ഷേപത്തിനു കാരണമെന്നാണ് റേഷൻ കടയുടമയുടെ വിശദീകരണം.