ബാലുശ്ശേരി: ചക്ക കാണുമ്പോൾ നെറ്റിചുളിക്കുന്നവർ പോലും ഈ കൊവിഡ് - 19 കാലത്ത് ചക്കപ്പുഴുക്കുണ്ടാക്കുന്ന തിരക്കിലാണ്. ലോക്ക് ഡൗണിൽ കുരുങ്ങി വീട്ടിലൊതുങ്ങിയപ്പോഴാണ് ചക്കക്കാലത്തെ പലരും ഓർത്തെടുത്തത്.
കേരളത്തിൽ ഒരു വർഷം 30 മുതൽ 60 കോടി വരെ ചക്കയുണ്ടാവുന്നതായാണ് കണക്ക്. ഇതിൽ മലയാളികൾ ഉപയോഗിക്കുന്നത് വെറും രണ്ട് ശതമാനം മാത്രം.
ചക്കയുടെ മഹത്വവും ഔഷധഗുണവും ഇനിയും അറിയാത്തവരാണ് ഫാസ്റ്റ്ഫുഡിനായി ഓടുന്നതെന്നാണ് തേനാക്കുഴിയിലെ വിമുക്ത ഭടനും കർഷകനുമായ മുച്ചിലോട്ട് രാജഗോപാലൻ പറയുന്നു. ചക്ക നന്നായി കഴിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. ചക്കയുടെ ഔഷധ ഗുണങ്ങളെപ്പറ്റിയുള്ള കൃത്യമായ ക്ലാസും രാജഗോപാലൻ നൽകും. ആവശ്യക്കാർത്ത് എത്ര വലിയ പ്ലാവിൽ കയറിയും ചക്ക പൊട്ടിച്ച് കൊടും. മാത്രമല്ല തന്റെ പറമ്പിലെ ചക്കകൾ മറ്റുള്ളവർക്ക് കൊടുക്കുന്നതും ഇദ്ദേഹത്തിന്റെ പതിവാണ്.
കൊവിഡ് 19 കാരണം ആവശ്യസാധനങ്ങളുടെ വരവ് കുറഞ്ഞതും ഫാസ്റ്റ്ഫുഡ് സംസ്‌കാരത്തിനേറ്റ തിരിച്ചടിയുമാണ് ചക്ക വിഭവങ്ങളെ മടക്കിക്കൊണ്ടുവരാൻ മലയാളിയെ പ്രേരിപ്പിച്ചത്. വീട്ടുപറമ്പിലെ ചക്ക കൊയ്‌തെടുത്ത് പുഴുക്കുണ്ടാക്കാനും ചക്കക്കുരു കറിവെക്കാനും എല്ലാവർക്കും ഇപ്പോൾ ധാരാളം സമയമുണ്ട്.
ചക്ക വന്ന വഴി
മൊറേസി കുടുംബത്തിൽപ്പെട്ട പ്ലാവിന്റെ ഉത്ഭവം പശ്ചിമഘട്ടത്തിലാണ്. ആർട്ടോ കാപ്പസ് ഹെറ്റ് റോ ഫില്ലസ് എന്നാണ് ശാസ്ത്രനാമം. 100 ഗ്രാം ചക്കച്ചുളയിൽ 95 കലോറി ഊർജ്ജമുണ്ട്. ഒപ്പം ശരീരത്തെ ഊർജ്ജസ്വലമാക്കുന്ന ഫ്രക്ടോസും സുക്രോസുമെല്ലാമുണ്ട്. 100 ഗ്രാം ചക്കക്കുരുവിൽ 135 കലോറി ഊർജ്ജമുണ്ട്. ഇതിൽ മാംസ്യം, അന്നജം, ഇരുമ്പ് , കൊഴുപ്പ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയവയുമുണ്ട്. എണ്ണിയാൽ തീരാത്ത ഔഷധ ഗുണങ്ങളുടേയും പോഷകങ്ങളുടെയും കലവറ കൂടിയാണ് ചക്ക.