കൽപ്പറ്റ: പൊതുവിപണിയിൽ അവശ്യസാധനങ്ങളുടെ ചില്ലറവിൽപ്പന വില നിശ്ചയിച്ചു. കോവിഡ് ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ അവശ്യസാധനങ്ങളുടെ വില ചിലയിടങ്ങളിൽ ക്രമാതീതമായി കുടുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി. വിലവിവരം ആഴ്ചയിൽ രണ്ട് തവണ പരിശോധിച്ച് ആവശ്യമെങ്കിൽ പുനർനിർണയിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
വില കൂട്ടി വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കട അടപ്പിക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. അവശ്യസാധനങ്ങൾക്ക് നിലവിൽ വിപണിയിൽ ദൗർലഭ്യമില്ല. അവശ്യസാധന ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പൊതുവിപണി പരിശോധനയ്ക്കായി സിവിൽസപ്ലൈസ്, ലീഗൽമെട്രോളജി, റവന്യുവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പൊതുവിപണിയിൽ അമിത വില ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ താലൂക്ക് സപ്ലൈ ഓഫീസറെ അറിയിക്കാം. വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസർ 9188527405, മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസർ 9188527406, ബത്തേരി താലൂക്ക് സപ്ലൈ ഓഫീസർ 9188527407.
വില വിവരം(കിലോ) ചുവടെ:
മട്ട അരി 37,39 രൂപ, ജയ അരി 38,40, കുറുവ അരി 39,41, പച്ചരി 26,32, ചെറുപയർ 110,120, ഉഴുന്ന് 102,110, സാമ്പാർ പരിപ്പ് 93,102, കടല 65,70 , മുളക് 170,180, മല്ലി 90,92, പഞ്ചസാര 40,42 , ആട്ട 35, മൈദ 35, സവാള 38,40, ചെറിയ ഉള്ളി 80,85, ഉരുളക്കിഴങ്ങ് 43,48, വെളിച്ചെണ്ണ 180,200 തക്കാളി 28,30, പച്ചമുളക് 50,60, കുപ്പിവെള്ളം 13 രൂപ.
ട്രൈബൽ കോളനികളിൽ കമ്മ്യൂണിറ്റി കിച്ചൺ
കൽപ്പറ്റ: ജില്ലയിലെ പട്ടികവർഗ്ഗ കോളനികളിൽ ഭക്ഷണ ക്ഷാമം പരിഹരിക്കുന്നതിനായി കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങുന്നു. കോട്ടത്തറ, നൂൽപ്പുഴ, മൂപ്പൈനാട്, മേപ്പാടി, പടിഞ്ഞാറത്തറ, തരിയോട് എന്നീ ഗ്രാമപഞ്ചയത്തുകളിലെ 15 കോളനികളിലാണ് കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങുന്നത്. ജില്ലാ കുടുംബശ്രീ മിഷനാണ് നടത്തിപ്പ് ചുമതല.
വൈശ്യൻ കോളനി, തോണിക്കടവ്, കുറിച്യാട്, പരപ്പൻപാറ, കടച്ചിക്കുന്ന്, ശേഖരൻകുണ്ട്, അട്ടമല ഏറാട്ടക്കുണ്ട്, ഗോവിന്ദൻപാറ, വെള്ളക്കെട്ട്, ഇടിഞ്ഞകൊല്ലി, ആനപ്പാറ, വരട്ടിയാൽകുന്ന്, കക്കണംകുന്ന്, തിരുമംഗലം, ചെക്കണികുന്ന് എന്നിവയാണ് കോളനികൾ. പ്രദേശത്തെ വാർഡ് മെമ്പർ, ട്രൈബൽ പ്രമോട്ടർമാർ, കുടുംബശ്രീ എ.ഡി.എസ്, ആശ പ്രവർത്തകർ, അംഗൻവാടി വർക്കർ എന്നിവരുടെ പങ്കാളിത്തം കമ്മ്യൂണിറ്റി കിച്ചൺ നടത്തിപ്പിൽ ഉണ്ടാവും.
വൈത്തിരി ആശുപത്രി
സ്ഥിതിഗതികൾ വിലയിരുത്തി
വൈത്തിരി: ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള വൈത്തിരി താലൂക്ക് ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ആശുപത്രിയിലെ സൗകര്യങ്ങൾ മരുന്നിന്റെ ലഭ്യത തുടങ്ങിയവ ഉറപ്പു വരുത്തി. ആശുപത്രി സൂപ്രണ്ട് എൻ.ജി.സുഭാഷ്, ആർ.എം.ഒ ഡോ.ആർ.വിവേക് എന്നിവർ നിലവിലെ സാഹചര്യങ്ങളും ഒരുക്കങ്ങളും ജില്ലാ കളക്ടറെ അറിയിച്ചു.