കോഴിക്കോട്: കൊവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായവർക്കായി പ്രഖ്യാപിച്ച 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയിൽ ഫയർ ഫോഴ്സ്, ബാങ്കിംഗ്, റവന്യൂ, പഞ്ചായത്ത് ജീവനക്കാർ, മെമ്പർമാർ, സ്വകാര്യ ആശുപത്രി ജീവനക്കാർ എന്നിവരെ കൂടി ഉൾപെടുത്തണമെന്നവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി കേന്ദ്രമന്ത്രി നിർമ്മല സീതാരാമന് കത്തയച്ചു. പൊലീസ് സേനയെ ഇൻഷുറൻസ് പരിധിയിലുൾപ്പെടുത്താൻ കഴിഞ്ഞ ദിവസം എം.പി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരം സാഹചര്യങ്ങളിലൂടെയാണ് തങ്ങളും കടന്നു പോകുന്നതെന്ന് ചൂണ്ടിക്കാട്ടി ഫയർ ഫോഴ്സ്, ബാങ്കിംഗ്, സ്വകാര്യ ആശുപത്രി, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയ മേഖലകളിലെ ജീവനക്കാരുടെ പ്രതിനിധികൾ എം.പിയെ ബന്ധപ്പെട്ടിരുന്നു. കൂടാതെ വാർഡുകളിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പഞ്ചായത്ത് മെമ്പർമാരും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. തുടർന്നാണ് എം.കെ. രാഘവൻ വീണ്ടും കേന്ദ്രമന്ത്രിക്ക് കത്തയച്ചത്.