കുറ്റ്യാടി: മുന്നിൽത്തെളിയുന്ന പാഴ്‌വസ്‌തുക്കൾക്ക് വർണക്കൂട്ടുകളിലൂടെ പുതുജീവൻ നൽകുന്നത് വലിയ പറമ്പത്ത് നാണുവിന്റെ പതിവുശീലം മാത്രം.
മലയോരത്ത് കായക്കൊടി എള്ളിക്കാംപാറയിലെ ഈ 71-കാരൻ നിർമ്മാണ തൊഴിലാളിയാണ്. ചെറുപ്പത്തിലേ മണ്ണും കല്ലും ഈർക്കിലും മരക്കമ്പുകളുമെല്ലാം ഉപയോഗിച്ച് കരകൗശല വസ്‌തുക്കൾ തീർക്കുന്നത് നാണുവിന്റെ വിനോദമായിരുന്നു. പക്ഷേ പ്രത്യേകിച്ച് പ്രോത്സാഹനമൊന്നുമില്ലെന്ന അവസ്ഥയിൽ മോഹങ്ങൾ പലതും മനസ്സിലൊതുക്കി.
ജീവിതം കരുപ്പിടിപ്പിക്കുന്നതിനായി കെട്ടിട നിർമ്മാണത്തൊഴിലിലേക്ക് കടന്നപ്പോഴും കലാബോധം നാണു കൈവിട്ടില്ല. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് സഞ്ചി, മരക്കമ്പ്, പഴയ തുണി, തെങ്ങോല, കമ്പി, സിമന്റ്, ചണ നാര്, പേക്കിംഗ് വയർ അങ്ങനെ കൈയിൽ കിട്ടുന്നതെന്തും കരകൗശല വസ്‌തുക്കളാക്കി മാറ്റി.
നിലമുഴുകുന്ന കർഷകൻ, നിർമ്മാണത്തൊഴിലാളി, പക്ഷിമൃഗാദികൾ, കൂടകൾ, വിളക്കുകൾ, ചിരട്ടക്കരണ്ടി തുടങ്ങി നിരവധി രൂപങ്ങൾ നാണുവിന്റെ കൈകളിലൂടെ രൂപമെടുത്തു. ജോലി കഴിഞ്ഞെത്തിയ ശേഷവും ഒഴിവ് ദിവസങ്ങളിലുമാണ് പാഴ്‌വസ്‌തുക്കൾ ശേഖരിച്ച് കരകൗശലപ്പണി ചെയ്യുന്നത്. ഈർക്കിൽ ചൂലും പഴയ കളിപ്പാട്ടങ്ങളിൽ മീൻകൂടകളും നിർമ്മിക്കുന്ന ചുരുക്കം ആളുകളിൽ ഒരാളാണ് നാണു.
കേട്ടറിഞ്ഞ് ഇദ്ദേഹത്തിന്റെ കലാരൂപങ്ങൾ കാണാൻ ദൂരദിക്കുകളിൽ നിന്നുപോലും ആളുകൾ എത്താറുണ്ട്. നിർമ്മാണം പൂർത്തിയാകാത്ത വീടിന്റെ ഉമ്മറക്കോലായയാണ് നാണുവിന്റെ നിർമ്മാണശാല. ഇതിനിടയ്ക്ക് പ്രവർത്തന മികവിന് നിരവധി അംഗീകാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തി. മണ്ണിന് ഭീഷണിയാകുന്ന വസ്‌തുക്കൾ ഉൾപ്പെടെയുള്ളവ വല്ലയിടത്തും വലിച്ചെറിയാനിടയാക്കാതെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ആലോചനയാണ് ഇത്തരം പ്രവർത്തനത്തിന്ന് ഊർജ്ജം നൽകുന്നതെന്ന് നാണുവേട്ടൻ പറയുന്നു.