img302003

മുക്കം: കൊവിഡ് - 19 വ്യാപനം തടയുന്നതിന് തങ്ങൾക്കുള്ളതെല്ലാം സർക്കാരിന് വിട്ടുകൊടുത്ത് മണാശ്ശേരിയിലെ മഠത്തിൽ തൊടിക അശോകനും കുടുംബവും നാടിന് മാതൃകയാവുകയാണ്. മണാശ്ശേരിയിൽ പ്രതീക്ഷയോടെ പണിത 45 മുറികളുള്ള ബഹുനില കെട്ടിടമായ അശോക ടവറാണ് കൊവിഡ് - 19 പ്രതിരോധത്തിനായി ഉപയോഗിക്കാൻ സർക്കാരിനു വിട്ടു കൊടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തുള്ള തൃപ്തി ഹോട്ടലും ചികിത്സാകേന്ദ്രമാക്കാൻ വിട്ടു നൽകുന്നതിനുള്ള സന്നദ്ധത അശോകൻ അധികൃതരെ അറിയിച്ചു.

യാതൊരു പ്രതിഫലവും വാങ്ങാതെയാണ് നിരീക്ഷണത്തിലുള്ളവർക്ക് ചികിത്സയും താമസ സൗകര്യവുമൊരുക്കാൻ കെട്ടിടങ്ങൾ വിട്ടുകൊടുക്കാൻ അശോകനും കുടുംബവും തീരുമാനിച്ചത്. കൊവിഡിൽ നിന്ന് സഹജീവികളെ രക്ഷപെടുത്താൻ ആവുന്നതെല്ലാം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് അശോകൻ പറഞ്ഞു. ഒപ്പം കോഴിക്കോട്ടെ ആധുനിക സൗകര്യങ്ങളുള്ള ഹോട്ടലും മുക്കം നഗരസഭയിലെ മണാശ്ശേരി അങ്ങാടിയിൽ ബഹുനില കെട്ടിടവും വിട്ടുനൽകാനുള്ള സന്നദ്ധതയും അശോകൻ അധികൃതരെ അറിയിച്ചിട്ടുണ്ട്. തന്റെ ജീപ്പും വിട്ട് കൊടുക്കാനാണ് അശോകന്റെ തീരുമാനം.

റവന്യൂ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം മണാശ്ശേരിയിലെ കെട്ടിടം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. പിതാവിന്റെ സ്മാരകമായി നിർമ്മിച്ച 45 മുറികളുള്ള അപ്പു മെമ്മോറിയൽ അശോക ടവറിൽ പതിനഞ്ച് മുറികളിൽ എല്ലാ സൗകര്യങ്ങളും ഒരുങ്ങി. കുടിവെള്ളത്തിന് 41000 ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക് സജ്ജമാക്കി. അടുക്കളകൾ, ഗോഡൗൺ, വിശ്രമകേന്ദ്രം, വാഹനപാർക്കിംഗ് സൗകര്യം, കുടി വെള്ളം ശുദ്ധീകരിച്ച് തണുപ്പിച്ച് നൽകാനുള്ള സംവിധാനം, പ്രാർത്ഥന ഹാൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്. കൊവിഡ് കാരണം ഹോട്ടൽ അടച്ചിട്ടെങ്കിലും ആരോഗ്യ വകുപ്പനുവദിച്ചാൽ കഞ്ഞിവിതരണം തുടരാനും അശോകന് പദ്ധതിയുണ്ട്.