സുൽത്താൻ ബത്തേരി: ലോക്ഡൗണിനെ തുടർന്ന് വീടുകളിൽ കഴിഞ്ഞു വന്നവർ ഇന്നലെ സൗജന്യ റേഷൻ വാങ്ങുന്നതിനായി റേഷൻ കടകളിലേക്ക് എത്തിയതോടെ നിരത്തുകളിൽ വീണ്ടും ആളുകൾ നിറഞ്ഞു. പട്ടണങ്ങളെ അപേക്ഷിച്ച് ഇന്നലെ ഗ്രാമീണ മേഖലയിലെ റേഷൻ കടകളിലായിരുന്നു ജനബാഹുല്യം.

റേഷൻ കടയിൽ ഒരു സമയം അഞ്ച് പേർ വീതമേ പാടുള്ളുവെന്ന് സർക്കാർ നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും അതെല്ലാം അവഗണി​ച്ചായിരുന്നു റേഷൻ കടകൾക്ക് മുന്നിലെ ക്യൂ.
0,1 എന്നീ അക്കങ്ങളി​ൽ അവസാനിക്കുന്ന കാർഡുടമകൾക്കാണ് ഇന്നലെ സൗജന്യ റേഷൻ നൽകിയത്. രാവിലെ മുൻഗണനാ ലിസ്റ്റിൽപ്പെട്ടവർക്കും ഉച്ചയ്ക്ക്ശേഷം ജനറൽ വിഭാഗത്തിനുമാണ് നൽകിയത്. ആളുകൾ കൂട്ടമായി എത്തുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് അഞ്ചാം തീയ്യതി വരെയുള്ള ദിവസങ്ങളിൽ റേഷൻ കാർഡ് നമ്പറിന്റെ അവസാന രണ്ടക്കങ്ങളിൽ അവസാനിക്കുന്ന നമ്പർ അനുസരിച്ച് ദിവസം നിശ്ചയിച്ചത്. നിശ്ചിത ദിവസം റേഷൻ വാങ്ങാത്തവർക്ക് പിന്നീട് വാങ്ങാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും റേഷൻ ഇനി കിട്ടുമോ തീർന്നാൽ റേഷൻ സാധനങ്ങൾ ഇനി വരുമോ എന്നുള്ള സംശയം കാരണമാണ് ആളുകൾ ഒന്നി​ച്ച് ഇന്നലെ കടകളിൽ എത്തിയത്.
റേഷൻ വാങ്ങാൻ വരുന്നവർ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം പലിക്കണമെന്നും നിശ്ചിത അകലം പാലിച്ച് വേണം നിൽക്കാനുമെന്നുള്ള മുന്നറിയിപ്പ് ഉണ്ടെങ്കിലും മിക്ക കടകളിലും റേഷൻ വാങ്ങാൻ വന്നവർ നീണ്ട ക്യൂവിൽ നിലയുറപ്പിക്കുകയായിരുന്നു. കടകളിലെ തിരക്കൊഴിവാക്കൻ കടയുടമകൾ ശ്രദ്ധിക്കണമെന്നും, ആവശ്യമെങ്കിൽ ടോക്കൺ നൽകി തിരക്ക് നിയന്ത്രിച്ച് വേണം റേഷൻ നൽകാനെന്നും സപ്ലൈ ഓഫീസർ അറിയിച്ചിട്ടുണ്ടെങ്കിലും ചില റേഷൻ കടയുടമകൾക്ക് ഇത് നടപ്പാക്കാനായി​ല്ല.
നിലവിലുള്ള റേഷൻ സമ്പ്റദായമനുസരിച്ച് കാർഡുടമകൾക്ക് ഏത് റേഷൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാമെന്നതിനാൽ ചില പട്ടണങ്ങളിലെ കടകളിൽ തിരക്ക് കുറവായിരുന്നു. അതേസമയം ഗ്രാമീണ മേഖലകളി​ലെ റേഷൻ കടകളിൽ രാവിലെ വലിയ തിരക്കായി​രുന്നു.

എന്നാൽ ഉച്ചയ്ക്ക് ശേഷം കാര്യമായ തിരക്ക് ഉണ്ടായില്ല. മുൻഗണനേതര വിഭാഗക്കാർക്കുള്ള റേഷനാണ് ഉച്ചയ്ക്ക് ശേഷം നൽകിയത്. രാവിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ചില റേഷൻകടക്കാർ പൊലീസിന്റെ സഹായം തേടുകയുണ്ടായി. ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും സേവനവും ഉണ്ടായിരുന്നു. സൗജന്യ റേഷൻ വിതരണം സുഗമമായി നടക്കുന്നുണ്ടോ എന്ന് നീരീക്ഷിക്കുന്നതിനായി സിവിൽ സപ്ലൈസ് വിഭാഗം ജീവനക്കാരും ഇന്നലെ റേഷൻ കടകൾ സന്ദർശിച്ചു.
ഇനിയുള്ള ദിവസങ്ങളിലെ സൗജന്യറേഷൻ വിതരണം ഇന്ന് -2,3 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക്. നാളെ- 4,5, അക്കങ്ങളിൽ അവസാനിക്കുന്നവർക്ക്. 4-ന് 6,7 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക്. 5-ന് 8.9 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് . രാവിലെ 9 മുതൽ ഉച്ചക്ക് ഒരു മണി വരെ മുൻഗണന വിഭാഗക്കാർക്കും, ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ മുൻഗണനേതര വിഭാഗക്കാർക്കുമാണ് റേഷൻ നൽകുക.


ഫോട്ടോ
0011-ബത്തേരി താലൂക്കിലെ ഒരു റേഷൻ കടയിൽ ഇന്നലെ സൗജന്യ റേഷൻ വാങ്ങാനെത്തിയവരുടെ നീണ്ടനിര

അശരണർക്ക് അഭയമായി ഫയർ ആൻഡ് റെസ്‌ക്യു

സുൽത്താൻ ബത്തേരി: ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവരും മരുന്നും മറ്റും ലഭിക്കാതെ കഷ്ടപ്പെടുന്നവരും തുടങ്ങി പരസഹായം കൂടതെ ജീവിക്കാൻ പറ്റാത്തവർക്ക് സുൽത്താൻ ബത്തേരി ഫയർ ആൻഡ് റസ്‌ക്യു ടീം പ്രവർത്തകരുടെ സഹായ ഹസ്തം. സഹായം ചോദിച്ച് വിളിക്കുന്നവരുടെ അടുത്ത് രാപകൽ വ്യത്യാസമില്ലാതെ ഓടിയെത്തി വേണ്ട സഹായങ്ങൾ ചെയ്തുവരുകയാണ് ഫയർ ആൻഡ് റസ്‌ക്യു ടീം.
ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങാൻ കഴിയാതെ മരുന്നും ഭക്ഷണവും ഇല്ലാതെ ബുദ്ധിമുട്ടി​യ പത്തോളം പേർക്കാണ് ഫയർ ആന്റ് റസ്‌ക്യു പ്രവർത്തകരുടെ സഹായം ലഭിച്ചത്. വിവിധ രോഗങ്ങൾക്കായി മുടങ്ങാതെ മരുന്ന് കഴിച്ചുകൊണ്ടിരുന്ന ആറ് പേർക്ക് ബത്തേരിക്ക് പുറത്ത് നിന്ന് മരുന്ന് എത്തിച്ച് അവരുടെ വീടുകളിൽ എത്തിച്ചുകൊടുത്തു. പരസഹായമോ വാഹനസൗകര്യമോ ഇല്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത ഗ്രാമീണരായ ആളുകൾക്കാണ് ഇവരുടെ സേവനം കൂടുതലും ലഭിച്ചത്. വാഹന സൗകര്യം ഇല്ലാത്ത പല സ്ഥലത്തും കാൽനടയായി എത്തിയാണ് മരുന്നും മറ്റും എത്തിച്ചുകൊണ്ടിരിക്കുന്നത്. അത്യാവശ്യ സഹായത്തിന് ഫയർഫോഴ്സിന്റെ കൺട്രോൾ റൂമായ 101-ലോ 04936 227101 ലോ വിളിച്ചാൽ സേവനം ലഭി​ക്കും.

ഫോട്ടോ

ചുള്ളിയോട് കോട്ടയിലെ ലിസിക്ക് ഫയർ ആൻഡ് റെസ്‌ക്യു ജീവനക്കാരായ ലനിഷ്‌ബേബി, അനൂപ് എന്നിവർ മരുന്ന് വീട്ടിലെത്തിച്ച് നൽകുന്നു