സുൽത്താൻ ബത്തേരി: വടക്കനാട് നിവാസികൾക്ക് വന്യമൃഗശല്യം തുടർക്കഥയാവുന്നു. ആന, കടുവ, പുലി എന്നിവയാണ് വടക്കനാട് നിവാസികളുടെ ഉറക്കം കെടുത്തുന്നത്. വർഷങ്ങളായി തുടരുന്നതാണ് ഇവി​ടത്തെ വന്യമൃഗ ശല്യം.

ആനകൾ ഇറങ്ങി​യാൽ മാസങ്ങളോളം ആനശല്യമായി​രി​ക്കും. കടുവയാണെങ്കിൽ പിന്നെ അതിന്റെ ശല്യം തന്നെയായിരിക്കും. മാസങ്ങളോളം വടക്കനാട് ഭാഗത്ത് വിഹരിച്ച കടുവ ഒരാളെ കൊന്ന് തിന്നശേഷമാണ് ഇവിടെ നിന്ന് തൽക്കാലം മാറിയത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ രണ്ട് പേരെ കടുവ ഭക്ഷണമാക്കി. ഒരാളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. നിരവധി വളർത്തുമൃഗങ്ങളെയും പിടികൂടി. ആനയാകട്ടെ 4 പേരെ വകവരുത്തുകയും പതിനെട്ട് പേരെ പരിക്കേൽപ്പിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ വിളകൾ നശിപ്പിക്കുകയും ചെയ്തു.
മുമ്പ് പന്നി, മാൻ, കാട്ടുപോത്ത്, കുരങ്ങ്, കാട്ടാട് എന്നിവയുടെ ശല്യമായിരുന്നു വടക്കനാട് -വള്ളുവാടി പ്രദേശത്ത്. ഇപ്പോൾ കടുവയുടെയും ആനയുടെയും ഭീഷണി​യായി​. കടുവയേയും ആനയേയും പേടിച്ച് ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. വന്യമൃഗശല്യം കാരണം ഹെക്ടർകണക്കിന് നെൽവയലുകളാണ് കൃഷി ഇറക്കാൻ കഴിയാതെ കിടക്കുന്നത്. മാസങ്ങൾക്ക് മുമ്പാണ് കടുവ ഒരാളെ വീടിന് സമീപത്ത് നിന്ന് പിടികൂടി വലിച്ചിഴച്ച് വനത്തിൽകൊണ്ടുപോയി തിന്നത്.
വടക്കനാട് കൊമ്പന്റെ ശല്യം സഹിക്കവയ്യാതെ വടക്കനാട് നിവാസികൾ രണ്ട് വർഷം മുമ്പ് വന്യജീവി സങ്കേതം മേധാവിയുടെ കാര്യാലയത്തിന് മുന്നിൽ കുടിൽകെട്ടി നിരാഹാര സമരം നടത്തിയി​രുന്നു. തുടർന്ന് നടന്ന ചർച്ചയിൽ വടക്കനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയുണ്ടായി. പ്രദേശത്ത് മാങ്കുളം മോഡൽ വേലി സ്ഥാപിക്കാമെന്ന് ഉറപ്പും നൽകിയിരുന്നു. എന്നാൽ അതൊന്നും നടപ്പിലായില്ല.

വേനൽ കനത്തതോടെയാണ് കാട്ടനകൾ തീറ്റയും വെള്ളവും തേടി കൃഷിയിടങ്ങളിലേക്ക് എത്തികൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പണയമ്പം ഭാഗത്ത് ഇറങ്ങിയ കാട്ടാന കല്യാടിക്കൽ ജിജോ, പുത്തൻപുരക്കൽ ബിജു, വടക്കനാട് പുളർക്കാട്ട് ശശി, മംഗളാലയം സജു, എന്നിവരുടെ ആയിരത്തി അഞ്ഞൂറോളം വാഴകൾ നശിപ്പിച്ചു. കമുക്, തെങ്ങ് എന്നിവയും നശിപ്പിച്ചു.
രണ്ട് വർഷം മുമ്പ് കൂട്ടിലടച്ച വടക്കനാട് കൊമ്പന്റെ ഒപ്പമുണ്ടായിരുന്ന മുട്ടികൊമ്പനാണ് ഇപ്പോൾ പ്രദേശത്തെ ജനങ്ങൾക്ക് ഭീഷണിയായിരി​ക്കുന്നത്. ഈ ആനയെ നിരവധിതവണകളായി വനപാലകർ കുങ്കിയാനയുടെ സഹായത്തോടെ ഉൾവനത്തിലേക്ക് ഓടിച്ച് വിട്ടെങ്കിലും വീണ്ടും തി​രി​ച്ചെത്തും.


ഫോട്ടോ
കഴിഞ്ഞ ദിവസം വടക്കനാട് കാട്ടാനയിറങ്ങി നശിപ്പിച്ച വാഴതോട്ടം.