മുക്കം: മണാശ്ശേരി ഇരട്ട കൊലപാതകത്തിൽ ജയവല്ലിയുടെ മരണം സംബന്ധിച്ച് മുക്കം പൊലീസ് അന്വേഷണമാരംഭിച്ചു. സി.ഐ ബി.കെ.സിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഒന്നാംപ്രതി പി.വി.ബിർജുവിന്റെ അമ്മ ജയവല്ലിയെ 2016 മാർച്ച് അഞ്ചിനാണ് വെസ്റ്റ് മണാശ്ശേരിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടക്കത്തിൽ അസ്വാഭാവിക മരണത്തിനായിരുന്നു കേസ്. പിന്നീട് ഇസ്മയിൽ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ബിർജുവിന്റെ മൊഴിയിൽ നിന്നാണ് ജയവല്ലിയും കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിനൊടുവിൽ ബിർജു ക്രൈംബ്രാഞ്ചിന്റെ പിടിയിലാവുകയായിരുന്നു. സ്വത്തിനു വേണ്ടി വണ്ടൂർ സ്വദേശി ഇസ്മായിലിന്റെ സഹായത്തോടെ ജയവല്ലിയെ തോർത്തുമുണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ ശേഷം സാരിയിൽ കെട്ടിത്തൂക്കിയെന്നാണ് ബിർജു നൽകിയ മൊഴി. ജയവല്ലിയെ കൊലപ്പെടുത്താൻ സഹായിച്ചതിനുള്ള പ്രതിഫലം ചോദിച്ച ഇസ്മായിലിനെ ബിർജു മണാശ്ശേരിയിലെ വീട്ടിൽ വിളിച്ചു വരുത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയുമായിരുന്നു.