corona-virus

കോഴിക്കോട്: കൊവിഡ് - 19 വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ ഒരാളുടെ ഫലം നെഗറ്റീവായതോടെ കോഴിക്കോട്ടുകാരായ രോഗബാധിരുടെ എണ്ണം അഞ്ചായി കുറഞ്ഞു. അസുഖം ഭേദമായതോടെ കിഴക്കോത്ത് സ്വദേശിനിയെ ഇന്നലെ ഡിസ്ചാർജ്ജ് ചെയ്തു. ഇന്നലെയും ജില്ലയിൽ പുതിയ പോസിറ്റീവ് കേസുകളില്ല. ആകെ എട്ടു പേർ ഇവിടെ ചികിത്സയിൽ കഴിയുന്നുണ്ടെങ്കിലും മറ്റു മൂന്ന് പേർ കണ്ണൂർ, കാസർകോട് ജില്ലയിൽ നിന്നുള്ളവരാണ്.

അതിനിടയ്ക്ക്, ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 21,485 ആയി ഉയർന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ സെല്ലിൽ 23 പേരുണ്ട്. ഇവരിൽ 9 പേർ ഇന്നലെ പ്രവേശിപ്പിക്കപ്പെട്ടവരാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു.
ഇന്നലെ 11 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 268 സാമ്പിൾ പരിശോധനയ്ക് അയച്ചതിൽ 254 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇനി 14 പേരുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്.
ആരോഗ്യ വകുപ്പ് മന്ത്രിയും ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലയിലെ പ്രധാന ആശുപത്രി സൂപ്രണ്ടുമാർ, സാമൂഹ്യ ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർമാർ എന്നിവരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിലൂടെ നിലവിലുള്ള ക്രമീകരണങ്ങൾ വിലയിരുത്തി. ഇനയുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ സംബന്ധിച്ചും വിശദീകരിച്ചു. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ആശാദേവി, ഡി.പി.എം ഡോ. നവീൻ എന്നിവരും സംബന്ധിച്ചു.
മാനസിക സംഘർഷം കുറയ്ക്കാൻ മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ 16 പേർക്ക് ഇന്നലെ കൗൺസലിംഗ് നൽകി. മാനസിക സംഘർഷം ലഘൂകരിക്കുന്നതിനായി 201 പേർ ഫോണിലൂടെ സേവനം തേടി. സോഷ്യൽ മീഡിയയിലൂടെയുള്ള ബോധവത്കരണം തുടരുന്നുണ്ട്.
കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ലഭ്യമായിരുന്ന കൊവിഡ് - 19 ചികിത്സ പൂർണമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ അറിയിച്ചു. നേരത്തെ ബീച്ച് ആശുപത്രിയിൽ ലഭിച്ചു കൊണ്ടിരുന്ന മറ്റെല്ലാ ചികിത്സയും തുടർന്ന് ലഭിക്കും.