വടകര: കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് എത്തിച്ച ഭക്ഷണ പൊതി തിരിച്ചുനൽകി ഏറാമല പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾ. പാചകം ചെയ്ത ഭക്ഷണം വേണ്ടെന്നും പലവ്യഞ്ജനങ്ങളും മുട്ടയും മതിയെന്നും പറഞ്ഞാണ് ഭക്ഷണം നിരസിച്ചത്. സ്വകാര്യ വ്യക്തിയുടെ കെട്ടിട നിർമ്മാണത്തിനായി വന്ന ഒമ്പതംഗ സംഘം ഒരു വീട്ടിൽ താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ലോക്ക് ഡൗൺ വന്നത്. ബുധനാഴ്ച രാവിലെ ചായ പോലും ലഭിച്ചില്ലെന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെട്ടതു പ്രകാരമാണ് 9 പേർക്ക് രാത്രിയിലേക്കും കണക്കാക്കി 18 പൊതി ഭക്ഷണം എത്തിച്ചത്. പരിപ്പുകറി, സാമ്പാർ, പച്ചടി എന്നിവ ചോറിനൊപ്പം ഒഴിക്കാതെ കവറുകളിലാക്കിയാണ് നൽകിയത്. കൊവിഡ്-19 നിയന്ത്രണത്തിൽ കുടുങ്ങിയവർ പട്ടിണിയാവരുതെന്ന് കരുതിയാണ് പാചകം ചെയ്ത ഭക്ഷണം നൽകിയതെന്നും തൊഴിലുടമയെ ബന്ധപ്പെടാനുള്ള നടപടി സ്വീകരിക്കുമെന്നും വാർഡ് മെമ്പർ സി.ടി.കുമാരൻ പറഞ്ഞു.