കോഴിക്കോട്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ബാറിനും ബിവറേജസ് ഔട്ട്‌ലറ്റുകൾക്കും താഴ് വീണതോടെ പലരും ലഹരി മുക്തമായ ജീവിതത്തിലേക്കുള്ള പാതയിലാണ്. മദ്യപിക്കാൻ കഴിയാതായതോടെ പലർക്കും ഇപ്പോൾ അഭയമാകുന്നത് ഡീ അഡിക്ഷൻ സെന്ററുകളാണ്.
ആശുപത്രികളിലേക്ക് പോകാം
കൊവിഡിനെ തുടർന്ന് ജില്ലയിലെ നിരവധി ഡീ അഡിക്ഷൻ സെന്ററുകൾ പൂട്ടി. അതിനാൽ ആശുപത്രികളിലെ ഡീ അഡിക്ഷൻ സെന്ററുകളെയാണ് രോഗികൾ സമീപിക്കുന്നത്. ഇതിനായി പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെല്ലാം സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതൽ ചികിത്സ വേണ്ടവരെ ബീച്ച് ആശുപത്രിയിലെയും കുതിരവട്ടം മാനസികരോഗ ആശുപത്രിയിലെ ഡീ അഡിക്ഷൻ സെന്ററിലേക്ക് മാറ്റും.
വീട്ടമ്മമാർക്ക് ആശ്വാസം
ചിലർ സ്വമേധയാ ഡീ അഡിക്ഷൻ സെന്ററുകളിലെത്തുന്നുണ്ടെങ്കിലും കുടുംബത്തിന്റെ ഇടപെടൽ കാരണമാണ് ഭൂരിഭാഗം പോരുമെത്തുന്നത്. ഗൃഹനാഥന്മാരുടേയും മക്കളുടേയും മദ്യപാനം പല കുടുംബങ്ങളിലും വിള്ളൽ വീഴ്‌ത്തിയിരുന്നു. മദ്യം കിട്ടാതായതോടെ കുടുംബം തകർക്കുന്ന ദുഃശീലം ഗൃഹനാഥന്മാർ പൂർണമായി ഉപേക്ഷിക്കുമെന്നാണ് പല വീട്ടമ്മമാരുടെയും പ്രതീക്ഷ.
ആശ്വാസമായി വിമുക്തി
മദ്യപാനം പെട്ടെന്ന് നിറുത്തുന്നത് പലർക്കും ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾക്കിടയാക്കുമെന്ന് വിദഗ്‌ദ്ധർ പറയുന്നു. അത് നേരിടുന്നതിന് ജില്ലാ വിമുക്തി സെല്ലിനെ സമീപിക്കാം. മദ്യപാനത്തിൽ നിന്ന് മുക്തി നേടാൻ ആഗ്രഹിക്കുന്നവർ 24 മണിക്കൂറും പ്രവർത്തിക്കുന്ന വിമുക്തി വിഭാഗവുമായി ബന്ധപ്പെടാം. ജില്ലാ വിമുക്തി കൺട്രോൾ റൂം- 9495002270, വിമുക്തി ടോൾ ഫ്രീ - 1056.